കാസർകോട്: ഒരു നേരത്തെ ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്ത അനാഥരെയും വൃദ്ധരെയും ജനമൈത്രി പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തി അന്നുമൂട്ടുകയാണ് വിദ്യാനഗറിലെ മനുഷ്യസ്നേഹിയായ വി. അബ്ദുൽ സലാം. കാസർകോട് തൊഴിൽ നൈപുണ്യ വകുപ്പിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറും എഴുത്തുകാരനുമായ അബ്ദുൽ സലാമും ഭാര്യ നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപിക ഷാഹിനയും ചേർന്ന് വർഷത്തിൽ ഒരുലക്ഷത്തോളം രൂപയാണ് മറ്റു കാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം ഇതിനായി ചിലവാക്കുന്നത്.

കാസർകോട് നഗരത്തിൽ ദുരിതത്തിലായ വൃദ്ധജനങ്ങൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും തണലേകാൻ കാരുണ്യത്തിന്റെ ഉറവ വറ്റാതെ ഇദ്ദേഹമുണ്ടായിരുന്നു. നീലേശ്വരം വാഴുന്നോറടിയിൽ ജനിച്ചു വളർന്ന്1994 ൽ പൊലീസ് കോൺസ്റ്റബിൾ ആയി സർവ്വീസിൽ കയറിയ അബ്ദുൾ സലാം വിദ്യാഭ്യാസ വകുപ്പിലും റവന്യുവിലും ജോലി ചെയ്ത ശേഷമാണ് തൊഴിൽ നൈപുണ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായത്. 17 കവിതകളും എട്ട് ലേഖനങ്ങളും എഴുതി സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. നീലേശ്വരം സ്വരലയയുടെ സ്ഥാപകരിൽ ഒരാളാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അബ്ദുൾ സലാം യു.എ.ഇ ആസ്ഥാനമായ കീ ഫ്രെയിംസ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയാണ്. 17 രാജ്യങ്ങളിലായി 30,​000 കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഏഷ്യയിലെ തന്നെ മികച്ച സംഘടനയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യമലയാളിയാണ്. റിഷിൽ മോൻ, ഇഷാൽ മോൾ എന്നിവർ മക്കളാണ്.

തുടക്കം ഇങ്ങനെ

രണ്ടര വർഷം മുമ്പ് കാസർകോട് കളക്ട്രേറ്റിൽ ഹരജി നൽകാൻ എത്തിയ മൊഗ്രാലിലെ വൃദ്ധ ദമ്പതികൾ ഭക്ഷണം കഴിക്കാൻ കാശില്ലാതെ ക്ലേശിക്കുന്നത് കണ്ടതാണ് അബ്ദുൽ സലാമിന്റെ മനസിനെ വല്ലാതെ ഉലച്ചത്. ഉണ്ടായിരുന്ന 50 രൂപ ഹരജിയെഴുത്തിന് കൂലി നൽകി. വൃദ്ധദമ്പതികളുടെ സങ്കടം കണ്ട് കാന്റീനിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു കൊടുത്തു. അതിൽ പിന്നീടാണ് വൃദ്ധജനങ്ങൾ അടക്കമുള്ളവരെ അന്നമൂട്ടാൻ വരുമാനത്തിൽ ഒരു വിഹിതം മാറ്റിവയ്ക്കാൻ നിശ്ചയിച്ചത്. 25 വർഷം മുമ്പ് പാണത്തൂരിലെ രണ്ടു നിർദ്ധന കുട്ടികളുടെ ചിലവുകൾ വഹിച്ചു സംരക്ഷിച്ചു ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയാണ് ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

പ്രധാന കൃതികൾ

ഹത്രാസിലെ നൊമ്പരം, ആധിയും വ്യാധിയും, നിറനിലാവ്, കാണാമറയത്ത്, കാണാക്കിനാവുകൾ,പൊരുൾ തേടി, ലാൽസലാം, കാസ്രഗോട്ടപ്പം.

മനസ്സിൽ തട്ടുന്ന വിങ്ങലുകൾ തിരിച്ചറിയാൻ ശ്രമിക്കുന്നു. ജീവിതത്തിൽ കൂട്ടിക്കിഴിച്ചാൽ അവസാനം ഒന്നും ബാക്കിയുണ്ടാകില്ല.

വി. അബ്ദുൾ സലാം