photo
ചെറുകുന്ന് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം

പഴയങ്ങാടി: ചെറുകുന്ന് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെയും പ്രദേശത്തെ കായിക പ്രേമികളുടെയും പ്രധാന കളിസ്ഥലമായ സ്‌കൂൾ മൈതാനം കാട് കയറിയും മഴവെള്ളം കെട്ടിക്കിടന്നും നശിക്കുന്നു. ഇഴജന്തുക്കളും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമായി മൈതാനം മാറിയിരിക്കുന്നു. പ്രഗൽഭരായ പല ഫുട്ബാൾ താരങ്ങൾക്കും ജന്മം കൊടുത്തിട്ടുള്ള മൈതാനം ഇന്ന് ശവപ്പറമ്പ് പോലെയാണ്. ഒരു കാലാത്ത് ഐ.എം വിജയൻ ഉൾപ്പെടെ ഇവിടുത്തെ ടൂർണമെന്റുകളിൽ ബൂട്ട് അണിഞ്ഞിട്ടുണ്ട്.

സ്‌കൂൾ അധികൃതരുടെയും കായിക പ്രേമികളുടെയും അഭ്യർത്ഥന മാനിച്ച് മുൻ എം.എൽ.എ ടി.വി രാജേഷിന്റെ അപേക്ഷയിൽ ഉമ്മൻ‌ചാണ്ടി സർക്കാർ 2015ൽ ഒരു കോടി അറുപത് ലക്ഷം രൂപ ചെലവാക്കി മൈതാനം നവീകരിച്ചിരുന്നു. സ്റ്റേഡിയം, പവലിയൻ, അനുബന്ധ കെട്ടിടം എന്നിവ നിർമ്മിക്കാനാണ് ഫണ്ട് അനുവദിച്ചത്. നവീകരണത്തിന് ശേഷം കുറച്ച് കാലം ഫുട്ബാൾ കളികൾ സജീവമായെങ്കിലും പിന്നീട് മഴക്കാലമാവുകയും കാട് കയറുകയുമായിരുന്നു.

മൈതാനത്തിൽ വെള്ളം

കയറരുത്

സ്‌കൂൾ വിദ്യാർത്ഥികൾക്കും ചെറുകുന്ന്, കണ്ണപുരം, കല്യാശേരി തുടങ്ങിയ പ്രദേശങ്ങളിലെ കായിക രംഗത്തുള്ളവർക്കും ഏറെ പ്രയോജനകരമാണ് ഈ മൈതാനം. ദേശീയ അന്തർദേശീയ താരങ്ങൾ ബൂട്ട് അണിഞ്ഞ മൈതാനം ഇന്ന് നാശത്തിന്റെ വക്കിലാണ്. മൈതാനം മണ്ണിട്ട് ഉയർത്തി ചുറ്റും ഓവുചാൽ നിർമ്മിക്കണമെന്നാണ് കായിക രംഗത്തുള്ളവരുടെ ആവശ്യം.