എളേരിത്തട്ട്( കാസർകോട്): എസ്.എൻ.ഡി.പി യോഗം ഹൊസ്ദുർഗ് യൂണിയന്റെ ആദ്യകാല നേതാവും മികച്ച സംഘാടകനുമായിരുന്ന എളേരിത്തട്ടിലെ വിദ്യാധരൻ മാസ്റ്ററുടെ ദേഹവിയോഗം ശ്രീനാരായണ പ്രസ്ഥാനത്തിന് കനത്ത നഷ്ടമായി. കോട്ടയം പാമ്പാടിയിൽ നിന്നും ആദ്യകുടിയേറ്റം നടത്തിയ കുടുംബങ്ങളുടെ ഒപ്പം ജില്ലയുടെ മലയോരത്ത് എത്തിയ ഇദ്ദേഹവും കുടുംബവും അന്നുതൊട്ട് ശ്രീനാരായണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചിരുന്നു.തികഞ്ഞ ശ്രീനാരായണ ഗുരുദേവ വിശ്വാസിയായിരുന്ന ഇദ്ദേഹം ദീർഘകാലം എളേരിത്തട്ട് ശാഖയുടെ പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഇപ്പോൾ കാസർകോട് ടൗൺ എസ് .ഐ ആയി ജോലി ചെയ്യുന്ന എം.വി. വിഷ്ണുപ്രസാദും പിതാവിനൊപ്പം ശ്രീനാരായണ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പാരലൽ കോളേജ് അദ്ധ്യാപകനായി പൊതുജീവിതം ആരംഭിച്ച മാസ്റ്ററുടെ ശിഷ്യന്മാരായി മലയോരത്തെ ആയിരകണക്കിന് പേരുണ്ട്. പത്താം ക്‌ളാസുകാർ മുതൽ ഐ.എ.എസുകാരി വരെയുണ്ട് ആ കൂട്ടത്തിൽ. കേന്ദ്ര സംസ്ഥാന സർവ്വീസിൽ ഇപ്പോൾ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്ന പലർക്കും ഇദ്ദേഹം വിദ്യ പകർന്നുനൽകിയിട്ടുണ്ട്. മികച്ച അദ്ധ്യാപകനെന്ന പേര് സമ്പാദിക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. കൊവിഡ് ബാധിതനായതോടെയാണ് ശാരീരികമായ അവശതകൾ മാസ്റ്ററെ അലട്ടി തുടങ്ങിയത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ കുറെ നാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അന്ത്യം സംഭവിച്ചത്.

വിദ്യാധരൻ മാസ്റ്ററുടെ നിര്യാണത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് ചായ്യോത്തെ മകന്റെ വീട്ടിലും എളേരിത്തട്ടിലെ വസതിയിലും എത്തിച്ചേർന്നത്. മുൻ യോഗം ഡയറക്ടർമാരായ ടി.ബാലകൃഷ്ണൻ,എം.ഡി.ഷാജി, ഉദിനൂർ സുകുമാരൻ, ശാഖാ ഭാരവാഹികളായ ഷാജി മംഗലശേരി, ബാബു കടുമേനി, അനീഷ് ചന്ദ്രൻ, വി.പി.അനിൽകുമാർ രാഷ്ട്രീയ പാർട്ടി നേതാക്കളായ സാബു എബ്രഹാം, കൈനി ജനാർദ്ദനൻ, എ.അപ്പുകുട്ടൻ, സി.പി. ബാബു, രാജൻ നായർ, സ്‌കറിയ എബ്രഹാം തുടങ്ങിയവർ ആദരാജ്ഞലികൾ അർപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ് .പി പി. ബാലകൃഷ്ണൻ നായർ, കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ എന്നിവരടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.