
കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൗൺ സിൽ കിഴുന്നവാർഡ് അംഗവും കണ്ണൂർ ബ്‌ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി.വി കൃഷ്ണകുമാറിനെ പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു.
കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറായ പി.വി കൃഷ്ണകുമാർ സഹകരണ സൊസൈറ്റി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാൾ ജീവനക്കാരിയെ സ്ഥാപനത്തിന്റെ സ്‌റ്റോർറൂമിൽ നിന്നും പുറകിലൂടെ കയറിപിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം എടക്കാട് പൊലീസിന് ലഭിച്ചിരുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ ബലംപ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 15നാണ് കോൺഗ്രസ് നിയന്ത്രിത സഹകരണസംഘം ജീവനക്കാരിയെ മറ്റുജീവനക്കാരില്ലാത്ത സമയത്ത് കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡന വിവരം യുവതി ആദ്യംപുറത്ത് പറഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം യുവതി ജോലിക്ക് പോവുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. യുവതിയുടെ മാനസിക നിലയിലുണ്ടായ മാറ്റം കണ്ടപ്പോൾ ഭർത്താവും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുപറയുന്നത്. തുടർന്ന് എടക്കാട് പൊലീസിലും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ കൃഷ്ണകുമാർ ഒളിവിലാണ്. ഈയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്ണകുമാർ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് തൽസ്ഥാനത്തു നിന്നും മാറിയത്. നേരത്തെ കോൺഗ്രസ് നിയന്ത്രിത സഹകരണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കൃഷ്ണകുമാർ.