
കണ്ണൂർ: ഭർത്താവ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മോചിതയാകുന്നതിന് മുമ്പ് ഏകമകൾ കൺമുന്നിൽ പിടയുന്നതു കണ്ട് അമ്മയുടെ ദുരന്തത്തിന് മുന്നിൽ വിറങ്ങലിച്ച അവസ്ഥയിലാണ് ചിറക്കൽ ഗേറ്റ് പരിസരത്ത് ഇന്നലെ രാവിലെ ഉണ്ടായിരുന്നവർ. പരിയാരം ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഡോ.ലിസിയുടെ മകൾ പ്ളസ് വൺ വിദ്യാർത്ഥിയായ നന്ദിത കിഷോറിന് പാളം മുറിച്ചുകടക്കുന്നതിനിടയിൽ കുതിച്ചെത്തിയ പരശുറാം എക്സ് പ്രസ് തട്ടിയാണ് ജീവൻ നഷ്ടമായത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ പരശുറാം എക്സ്പ്രസ് നന്ദിതയെ തട്ടുന്നത് കൃത്യമായി പതിഞ്ഞിട്ടുണ്ട്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ നന്ദിത ഇന്നലെ രാവിലെ 7.40ന് ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റ് മുറിച്ചുകടക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. മറുവശത്ത് നിർത്തിയ സ്കൂൾ ബസ് പിടിക്കാനായി പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.എല്ലാദിവസവും 6.20ന് കടന്നുപോകുന്ന പരശുറാം എക്സ്പ്രസ് ഇന്നലെ ഒരുമണിക്കൂർ വൈകിയെത്തിയാണ് പെൺകുട്ടിയുടെ ജീവനെടുക്കാൻ കാരണമായത്.
റെയിൽവേ ഗേറ്റ് അടച്ചിട്ടിട്ടും സ്‌കൂൾ ബസ് തൊട്ടുതലേ ദിവസത്തെ പോലെ മിസാകാതിരിക്കാൻ കാട്ടിയ ധൃതിയും ഈ അപകടത്തിന് പിന്നിലുണ്ട്. അമ്മ ലിസിയാണ് വീട്ടിൽ നിന്നും പതിവായി കാറിൽ സ്‌കൂൾ ബസിനടുത്തേക്ക് കൊണ്ടു പോയി വിടാറുള്ളത്. ഇന്നലെ അമ്മയും മകളുമെത്തിയപ്പോൾ പരശുറാം എക്സ്പ്രസിന് കടന്ന് പോകാനായി റെയിൽവേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകളെ ഇറക്കി അമ്മ ഗേറ്റ് തുറക്കാനായി കാറിൽ തന്നെ കാത്തിരുന്നു. ഈ സമയത്ത് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ധൃതിയിൽ കടന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലേദിവസം ബസ് കിട്ടാതെ ഓട്ടോയിൽ പോകേണ്ടി വന്നതും ധൃതിയിൽ പാളം മുറിച്ച് കടക്കാൻ കാരണമായിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം.
ട്രെയിനിടിച്ച് തെറിപ്പിച്ച കുട്ടിയുടെ തല കല്ലിലും ഇടിച്ചിരുന്നു. സംഭവം കണ്ട് അമ്മയും നാട്ടുകാരും ഓടി വന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നു. നന്ദിത അമ്മയോട് സംസാരിച്ചതായും നാട്ടുകാർ പറയുന്നു. ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും നന്ദിതയുടെ ജീവൻ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.
അലവിൽ നിച്ചുവയൽ പരേതനായ കിഷോറിന്റെയും ഡോക്ടർ ലിസിയുടെയും ഏക മകളാണ് നന്ദിത. ഹോമിയോ ഡോക്ടറും ഇപ്പോൾ പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലെ ഓഫീസ് ജീവനക്കാരിയുമാണ് ഡോ. ലിസി.മകൾ കൂടി മരിച്ചതോടെ ലിസി ജീവിതത്തിൽ തനിച്ചായി. പഠനത്തിൽ മിടുക്കിയായിരുന്നു നന്ദന . വിദ്യാഭവനിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനികളിലൊരാളായിരുന്നു നന്ദനയെന്ന് അധ്യാപകരും സഹപാഠിനികളും പറയുന്നത്.
നന്ദിതയുടെ ദുരന്ത വാർത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കക്കാട് വിദ്യാനികേതനിലെ വിദ്യാർത്ഥികളും അദ്ധ്യാപികമാരും.കൂട്ടുകാരികളോട് തലേന്നാൾ യാത്രപറഞ്ഞുപോയ നന്ദന ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന സങ്കടം അടയ്ക്കാനാവുന്നില്ല പലർക്കും.