പഴയങ്ങാടി: ബസ് സ്റ്റാൻഡിൽ വ്യാപാരികളും പൊലീസുമായി തർക്കം. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനത്തിലെത്തിയ വ്യക്തിയുടെ ബൈക്കിന് ഫൈൻ ഈടാക്കിയതാണ് കച്ചവടക്കാരും പൊലീസും തമ്മിലുള്ള തർക്കത്തിനിടയാക്കിയത്. കടകൾക്ക് മുൻപിൽ അനധികൃത വാഹന പാർക്കിംഗ് തടയുന്നതിനായി ബോർഡ് സ്ഥാപിച്ചട്ടുണ്ട്. എന്നാൽ കടകളിൽ എത്തുന്നവർക്ക് പിഴ ഈടാക്കുന്നതിനെ കച്ചവടക്കാർ എതിർക്കുന്നു.
യാതൊരുവിധത്തിലുമുള്ള തടസങ്ങളും സൃഷ്ടിക്കാതെ ബാഗ് തയ്ക്കാൻ കടയിൽ കയറിയതിനാണ് പൊലീസ് ഫൈൻ ഈടാക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം എരിപുരം മുതൽ പഴയങ്ങാടി പാലം വരെയുള്ള റോഡിന് ഇരുവശത്തും രാവിലെ മുതൽ രാത്രി വരെ നോപാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
പഴയങ്ങാടിയിൽ പേ പാർക്കിംഗ് സംവിധാനം ഉൾപ്പെടെ നിലവിൽ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് ഉപയോഗിക്കാറില്ല. കാറുകൾ ഉൾപ്പെടെ റോഡിന് ഇരുവശവും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് പലപ്പോഴും ടൗണിലെ ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. മുമ്പ് പലകുറി പഴയങ്ങാടി ടൗണിൽ ട്രാഫിക്ക് പരിഷ്‌കാരം നടപ്പിലാക്കിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. പൊലീസ് മനഃപൂർവം വ്യാപാരികളെയും യാത്രക്കാരെയും ദ്രോഹിക്കുകയാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.