മാഹി: കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ, ന്യൂമാഹിയേയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയേയും ബന്ധിപ്പിക്കുന്ന പാലം വീണ്ടും കുണ്ടും കുഴിയും നിറഞ്ഞ് വാഹനക്കുരുക്കിന് വഴിവയ്ക്കുകയാണ്. ബലക്ഷയം നേരിട്ടു കൊണ്ടിരിക്കുന്ന മാഹിപ്പാലം 1933 ൽ നിർമ്മിച്ചതാണ്. 2003ലും 2005 ലും 2016 ലും അറ്റകുറ്റപണി നടത്തിയെങ്കിലും ഫ്രഞ്ച് ഭരണകാലത്ത് നിർമ്മിച്ച തൂണിൽ തന്നെയാണ് നിലനിൽക്കുന്നത്. പാലത്തിൽ കുഴികൾ നിറഞ്ഞതിനാൽ യാത്രാ ദുരിതം രൂക്ഷമായിരിക്കുകയാണ്.
ദീർഘ ദൂര ബസ്സുകളും, ഭാരം കയറ്റിയ ലോറികളും ആംബുലൻസുകളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെകടന്നുപോകുന്ന ദേശീയപാതയിലെ ഈ പാലത്തിൽ, ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ, കൂടുതൽ വാഹനങ്ങൾ സ്ഥിരമായി പാലത്തിൽ കുരുങ്ങിക്കിടക്കുന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടും. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. ന്യൂമാഹി ദേശീയപാതയിലും മാഹിപ്പാലത്തിലും മാഹി കെ.ടി.സി ജംഗ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടങ്ങളിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളുമില്ല.
മാഹി പാലം ജംഗ്ഷനിൽ ഒരു സീബ്രാലൈൻ പോലുമില്ലാത്തതിനാൽ ഇറച്ചി - പച്ചക്കറി മാർക്കറ്റുകളിലേക്കും ബോട്ട് ജെട്ടിയിലേക്കും അഴീക്കൽ പ്രദേശങ്ങളിലേക്കും പോകേണ്ടവർ നിലയ്ക്കാതെ പോകുന്ന വാഹനങ്ങൾക്കിടയിലൂടെ മറികടന്ന് പോകേണ്ട അവസ്ഥയാണ്. തൊട്ടപ്പുറം എം.ആർ.എ ബേക്കറി മുതൽ 'ഹിറ'വളവ് വരെ ദേശീയപാതയിൽ താറിട്ട വേളയിൽ സംഭവിച്ച അപാകതകൾ മൂലം കണ്ടും കുഴിയുമായി വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞ് ,ഇളകിയാടി പോകേണ്ട അവസ്ഥയാണ്.
ഒരു കിലോമീറ്രർ താണ്ടാൻ
അര മണിക്കൂർ
ന്യൂമാഹി പാലം ജംഗ്ഷൻ തൊട്ട് മാഹി ടൗൺ കടക്കും വരെയുള്ള ഒരു കിലോമീറ്റർ റോഡ് കടന്നു കിട്ടാൻ വാഹനങ്ങൾക്ക് അര മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. കേരള-പുതുച്ചേരി സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള മാഹി പാലം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ ഇരു സർക്കാരുകളും തയ്യാറാവുന്നില്ല.
കണ്ണൂർ -കോഴിക്കോട് ദേശീയപാതയിലെ കുരുക്കൊഴിയാത്ത പ്രദേശമായി ഇവിടം മാറി. മാഹി, ന്യൂ മാഹി ട്രാഫിക് പൊലീസുകാരുടെ ശ്രദ്ധ കൂടുതലായി പതിയുന്നില്ല.
സുജിത്ത് പെരിങ്ങാടി, പൊതുപ്രവർത്തകൻ