lyba

മാഹി:പതിനൊന്ന് വയസിനിടെ നോവൽ പരമ്പര എഴുതി ഗിന്നസ്‌ വേൾഡ്‌ റെക്കോർഡ്സിൽ ഇടം പിടിച്ച ലൈബാ അബ്ദുൽ ബാസിദിയെ മന്ത്രി എം.വി. ഗോവിന്ദൻ വീട്ടിലെത്തി അഭിനന്ദിച്ചു. സമ്മാനങ്ങളുമായാണ്‌ മന്ത്രി മാഹി പെരിങ്ങാടിയിലെ ലൈബയുടെ വീട്ടിലെത്തിയത്‌.

പത്ര വാർത്ത കണ്ട്‌ മന്ത്രി രണ്ട്‌ ദിവസം മുൻപ്‌‌ ലൈബയോടും കുടുംബത്തോടും ഫോണിൽ സംസാരിച്ചിരുന്നു. ലൈബ എഴുതിയ പുസ്തകങ്ങൾ മന്ത്രിക്ക്‌ കൈമാറി. കൂടുതൽ എഴുതാനും ലോകത്തോളം വളരാനും ലൈബയ്ക്ക്‌ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.ഖത്തറിൽ ഓയിൽ കമ്പനി ജീവനക്കാരനായ അബ്ദുൽ ബാസിദ്‌- തസ്നി ദമ്പതികളുടെ മകളാണ്‌ ലൈബ. ഖത്തർ ഒലിവ്‌ ഇന്റർനാഷണൽ സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ്‌. ഓർഡർ ഓഫ്‌ ദി ഗാലക്സി: സ്നോഫ്ലേക്ക്‌ ഓഫ്‌ ലൈഫ്‌, ദി വാർ ഓഫ്‌ ദി സ്റ്റോളൻബോ, ദി ബുക്ക്‌ ഓഫ്‌ ദി ലെജൻഡ്സ്‌ എന്നീ നോവലുകളുടെ സീരീസാണ്‌ ലൈബ എഴുതിയത്‌. ഇപ്പോൾ നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്‌.