palam
മൂന്നാംപാലത്ത് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ പുതിയ പാലത്തിനടിയിലായ കടകൾ

കണ്ണൂർ: ഏറേക്കാലത്തെ മുറവിളിക്ക് ശേഷം തകർന്നു വീഴാറായ പഴഞ്ചൻപാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഏറേ സന്തോഷിച്ചവരാണ് കണ്ണൂർ -കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മൂന്നാംപാലത്തെ വ്യാപാരികളും ജനങ്ങളും. എന്നാൽ പാലം നിർമ്മാണം മറുകര തൊടുമ്പോൾ ആശങ്കയും നിറയുകയാണ്. വലിയ തോടിൽ നിന്നുള്ള വെള്ളം കയറുമെന്ന ഭയത്തിൽ പാലം റോഡ് ആറടിയോളം ഉയർത്തിയതാണ് വ്യാപാരികൾക്ക് വിനയായത്. ഇതോടെ ഇരുപതോളം കടകളും മൊയ്തു മെമ്മോറിയൽ വായനശാലയും പാലത്തിനടിയിലായി. ഞെങ്ങിഞെരുങ്ങിവേണം ഇതിലൂടെ ആളുകൾക്ക് കടന്നുപോകാൻ. പാലം റോഡിൽ നിന്നും താഴെയുള്ള കടകളിലേക്ക് ഇറങ്ങാനാണെങ്കിൽ ഏണിവയ്ക്കേണ്ട സ്ഥിതിയുമാണ്.
ഇതോടെ പാലത്തിനടിയിലായിപ്പോയ കടകളിലേക്ക് ആളുകൾ വരാതായി. നൂറുരൂപയുടെ കച്ചവടം പോലും നടക്കാതെ ദുരിതമനുഭവിക്കുകയാണ് പാലത്തിനടിയിലായിപ്പോയ വ്യാപാരികൾ. നേരത്തെ പാലത്തിന്റെ അരിക് ഭിത്തിയായി കരിങ്കെൽക്കെട്ടു നിർമ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ജനകീയ സമിതിയുടെ തീരുമാനപ്രകാരം കോൺക്രീറ്റായി മാറ്റുകയായിരുന്നു. വളംഡിപ്പോ, അനാദിക്കടകൾ, വൈദ്യശാല, തയ്യൽകട തുടങ്ങി കടകൾ നടത്തിജീവിക്കുന്ന അൻപതിലെറെ തൊഴിലാളികളാണ് പാലം വന്നപ്പോൾ ആശങ്കയിലായത്. ഇതുകൂടാതെ മാവിലായി പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മൊയ്തു മെമ്മോറിയൽ വായനശാലയും പാലത്തിനടിയിലായിട്ടുണ്ട്.
കഴിഞ്ഞ പെരുമഴക്കാലത്ത് ഇവിടെ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും പാലം നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉൾപ്പെടെയുളളവരെത്തിയപ്പോൾ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നിർമ്മാണത്തിൽ അശാസ്ത്രീയത

ഒന്നര കോടി ചെലവഴിച്ചാണ് മൂന്നാംപാലം വലിയ തോടിന് കുറുകെയായി പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മിച്ചത്. മറ്റിടങ്ങളിൽ റോഡ് സാധാരണ ഉയരത്തിൽ നിർത്തുകയും മൂന്നാംപാലത്ത് മാത്രം ആറടി ഉയരത്തിൽ പാലം റോഡു നിർമ്മിക്കുകയും ചെയ്തതിൽ അശാസ്ത്രീയതയുണ്ടെന്നും ഇക്കാര്യം അന്നേ തങ്ങൾ പറഞ്ഞതാണെന്നും അധികൃതർ ഇക്കാര്യം ഗൗനിച്ചില്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്.

പുതിയ പാലം വന്നപ്പോൾ വ്യാപാരികളുടെ ഉപജീവനംമുട്ടിയിരിക്കുകയാണ്. ഇരുപതോളം പേരെ നിത്യപട്ടിണിയിലേക്ക് തള്ളിവടാതെ സർക്കാർ സഹായിക്കാൻ തയ്യാറാകണം.
എൻ.പി ശ്രീധരൻ, ജില്ലാ പഞ്ചായത്തംഗം