പെരളശേരി: കണ്ണൂർ, കൂത്തുപറമ്പ്, പിണറായി, പാറപ്രം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ മൂന്നാം പാലം വഴി ഇന്നലെ രാവിലെ പത്തുമണി മുതൽ കടത്തിവിട്ടുതുടങ്ങി. പൊതുമരാമത്ത് വിഭാഗം (ബ്രിഡ്ജസ്) അസി.എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. ജ്യോതിയുടെ നിർദ്ദേശപ്രകാരം ട്രയൽ റൺ നടത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ കടത്തിവിട്ടത്.
മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി കഴിഞ്ഞ ഫെബ്രുവരിയിലാണ് തുടങ്ങിയത്. അവസാനഘട്ട പ്രവൃത്തിയായ പാലത്തിലേക്ക് കയറാനുള്ള റോഡിൽ മണ്ണ് നിറയ്ക്കലും, കൂത്തുപറമ്പ് ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള പാർശ്വഭിത്തിയുടെ നിർമ്മാണവും കഴിഞ്ഞദിവസം പൂർത്തിയായി. ഇന്നു മുതൽ പാലത്തിലൂടെ മുഴുവൻ വാഹനങ്ങളെയും കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വകുപ്പ് അധികൃതർ അറിയിച്ചു.