കാസർകോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവ് ദിവസം ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി. 28ന് രാവിലെ ഉഷപ്പൂജക്ക് ശേഷം 6 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി നവിൻ ചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മുൻവശത്തുള്ള കടൽതീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേ സമയത്ത് ഇരുപതോളം കർമ്മികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബലിതർപ്പണത്തിനുള്ള രശീതികൾ മുൻകൂറായി നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. രാവിലെ 5 മണി മുതൽ എട്ട് വഴിപാട് കൗണ്ടർ പ്രവർത്തിക്കും. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസ്, കോസ്റ്റ് ഗാർഡ്, ഹെൽത്ത്, സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായ റോവർ ആൻഡ് റേഞ്ചർ എന്നീ വിഭാഗങ്ങളുടെ സേവനം സദാസമയവും ഉണ്ടായിരിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കാസർകോട്, കാഞ്ഞങ്ങാട് റൂട്ടിൽ ചന്ദ്രഗിരിപ്പാലം വഴി നിലവിലുള്ള സർവ്വീസിന് പുറമെ കൂടുതൽ ബസ് സർവ്വീസ് ലഭ്യമാക്കണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ആഘോഷ കമ്മിറ്റി, മാതൃസമിതി, ഭജനസമിതി എന്നിവരുടെ സേവനവും, സദാസമയവും ലഭ്യമായിരിക്കും. വാർത്താസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. ബാബുരാജൻ, ട്രസ്റ്റിബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ, ട്രസ്റ്റിമാരായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്ല്യം ശ്രീവത്സൻ നമ്പ്യാർ, അജിത് സി കളനാട്, സുധാകരൻ കുതിർമ്മൽ എന്നിവർ സംബന്ധിച്ചു.