തലശ്ശേരി: ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതു പോലെ തന്നെ അതിപ്രധാനമാണ് അതിന്റെ സംരക്ഷണവും നിലനിർത്തലുമെന്ന് തലശ്ശേരി പൈതൃക പദ്ധതി ശിൽപ്പശാല. സംരക്ഷണം ഏറ്റെടുക്കാൻ ആളില്ലാത്തതാണ് മിക്ക പദ്ധതികളും നശിക്കാൻ കാരണം. കണ്ണൂർ ഡി.ടി.പി.സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ മ്യൂസിയം വിദഗ്ദ്ധരുടെ പാനൽ ചർച്ചയും ടൂർ ഗൈഡുകൾക്കായുള്ള ശിൽപ്പശാലയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൊട്ടിയൂർ പൈതൃക വിജ്ഞാന മ്യൂസിയം, പഴശ്ശി മ്യൂസിയം, തൊടീക്കുളം ചുമർചിത്രകല മ്യൂസിയം, മക്രേരി സംഗീതം, വാദ്യകലാ മ്യൂസിയം, ജഗന്നാഥ ക്ഷേത്രം നവോത്ഥാന മ്യൂസിയം, പഴശ്ശി സ്മൃതിമണ്ഡപം, സെയ്ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് സൈറ്റ് മ്യൂസിയം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ചരിത്ര രേഖകളിലെ അവശേഷിപ്പുകളെ ടൂറിസത്തിലേക്ക് എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും നവീകരണം നശിപ്പിക്കുക എന്നതിലേക്ക് പോകരുതെന്നും അദ്ധ്യക്ഷത വഹിച്ച ചരിത്ര ഗവേഷകൻ കെ.കെ മാരാർ പറഞ്ഞു. അഡ്വ. എ.എൻ ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. തലശ്ശേരി കേന്ദ്രീകരിച്ച് മെഡിക്കൽ ടൂറിസം എങ്ങനെ യാഥാർത്ഥ്യമാക്കാമെന്ന് കൂടി ആലോചിക്കുന്നതായി എം.എൽ.എ പറഞ്ഞു.
ന്യൂഡൽഹി നാഷണൽ മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ. ബി വേണുഗോപാൽ, ബ്രണ്ണൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ. എ. വത്സലൻ, കാലടി സംസ്‌കൃത യൂണിവേഴ്സിറ്റിയിലെ പൈതൃക ചുമർ ചിത്രകാലാപഠനവിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, മ്യൂസിയം ക്യുറേറ്റർ യോഗേഷ് ശ്രീനിവാസൻ, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രൻപിള്ള,
ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ, ടൂറിസം വകുപ്പ് റീജ്യണൽ ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷൈൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ്‌കുമാർ, ഇൻഫർമേഷൻ അസിസ്റ്റഡ് കെ.സി ശ്രീനിവാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളും തലശ്ശേരി പൈതൃക പദ്ധതിയും തലശ്ശേരിയുടെ ചരിത്രവും മനസിലാക്കാൻ 53 ടൂർ ഗൈഡുകൾ ശില്പശാലയിൽ പങ്കെടുത്തു. ഞായറാഴ്ച സംഘം ജില്ലയിലെ വിവിധയിടങ്ങൾ സന്ദർശിച്ചു.