തളിപ്പറമ്പ്: തളിപ്പറമ്പിനെ ഒരു വർഷം കൊണ്ട് സമ്പൂർണ ശുചിത്വ മണ്ഡലമാക്കാൻ മന്ത്രി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ തീരുമാനം. ശുചിത്വ മണ്ഡലമാക്കാനുള്ള പ്രവർത്തനങ്ങൾ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത് നേരത്തെ തുടങ്ങിയിരുന്നു. ഇത് ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയാണ് പ്രഖ്യാപനം നടത്തുക. മണ്ഡലത്തിൽ 43,485 തൊഴിൽ രഹിതരുള്ളതായി സർവ്വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 27,750 സ്ത്രീകളും 15,735 പുരുഷൻമാരുമാണ്. ഇവർക്ക് തൊഴിൽ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ആഗസ്റ്റ് ആദ്യവാരം മുതൽ തൊഴിൽ സഭകൾ ചേരും.
ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ, മയ്യിൽ, കുറ്റിയാട്ടൂർ, ചപ്പാരപ്പടവ്, പരിയാരം, കുറുമാത്തൂർ, കൊളച്ചേരി, മലപ്പട്ടം പഞ്ചായത്തുകൾ എന്നിവയുടെ അദ്ധ്യക്ഷരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.