pocso

കാസർകോട്: സ്പോർട്സ് സാമഗ്രികൾ വിൽപ്പന നടത്തുന്ന കടയുടെ ഡ്രെസിംഗ് റൂമിൽ ഒളികാമറ വച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത കുമ്പള പൊലീസ് കടയുടമയെ കസ്റ്റഡിയിലെടുത്തു. കുമ്പള ബന്തിയോട് പച്ചമ്പള്ളം സ്വദേശി ആസിഫി (26 ) നെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ടര മണിയോടെ ബന്ധുക്കളുടെ കൂടെ ജഴ്സി വാങ്ങിക്കാൻ കടയിൽ എത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഡ്രസിംഗ് റൂമിൽ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് രഹസ്യമായി വച്ചിരുന്ന ഒളിക്യാമറ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരി അമ്മാവനും മറ്റൊരു ബന്ധുവിന്റെയും കൂടെയാണ് ബന്തിയോട് ടൗണിലുള്ള കടയിൽ ജഴ്സി വാങ്ങാൻ എത്തിയത്. ഡ്രസിംഗ് റൂമിൽ പോയി ധരിച്ചു നോക്കിക്കോളൂ എന്ന് പറഞ്ഞു കടയുടമ നിർബന്ധം ചെലുത്തി. കടയിൽ ഉണ്ടായിരുന്ന മറ്റു പെൺകുട്ടികളെയും ഇയാൾ നിർബന്ധിച്ചു ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ പെൺകുട്ടി റൂമിൽ കയറി ഒളിക്യാമറ വച്ചത് കണ്ടെത്തുകയായിരുന്നു. ബഹളം വെച്ച പെൺകുട്ടിയും ബന്ധുക്കളും പരാതി നൽകിയത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് കടയുടമയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.