dheeraj
ധീരജിന്റെ മാതാപിതാക്കളായ ഇ.രാജേന്ദ്രനും ടി. എൻ.പുഷ്പകലയും.

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊട്ടിക്കരഞ്ഞ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റ് മരിച്ച ധീരജിന്റെ മാതാപിതാക്കളായ ഇ.രാജേന്ദ്രനും ടി.എൻ.പുഷ്പകലയും. സുധാകരന്റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വധഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എസ്.പിക്കും മറ്റും പരാതി നൽകിയിട്ടുണ്ട്.സുധാകരനും കോൺഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ല. മരിച്ചിട്ടും മകനെ കൊന്നു കൊണ്ടിരിക്കുന്നു. കുടുംബത്തിനെയും അപമാനിക്കുന്നു. താങ്ങാനാവാത്തത് കൊണ്ടാണ് വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്.കള്ളും കഞ്ചാവും അടിച്ച് നടക്കുന്ന സംഘത്തിൽപ്പെട്ട ആളാണ് ധീരജ് എന്ന് അപവാദ പ്രചാരണം നടത്തുകയാണ് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യമോ ലഹരി വസ്തുക്കളെ മകൻ ഉപയോഗിച്ചിട്ടില്ല. മദ്യത്തിനും സാമൂഹിക തിൻമകൾക്കുമെതിരെ പോരാടിയ ധീരജിനെ അപകീർത്തിപ്പെടുത്തുന്നതു നിർത്തണമെന്നും അവർ പറഞ്ഞു.

സി.പി.മാത്യുവിനെതിരെ തളിപ്പറമ്പ് കോടതിയിൽ മാന നഷ്ട കേസ് നൽകിയിട്ടുണ്ട്. കെ.സുധാകരനിൽ നിന്ന് ഒരു ആശ്വാസ വാക്ക് പോലുമുണ്ടായില്ല, മറിച്ച് അദ്ദേഹം വേദനിപ്പിക്കുകയാണു ചെയ്തത്- രാജേന്ദ്രൻ കുറ്റപ്പെടുത്തി.

സഹോദരൻ അദ്വൈത് രാജേന്ദ്രൻ,അമ്മാവൻമാരായ പി.എം.വേണുഗോപാലൻ, പി.ആർ.സുഭാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.