mattannur

മട്ടന്നൂർ: സംസ്ഥാനത്തെ മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന് നടക്കും. 22 ന് വോട്ടെണ്ണൽ നടക്കും.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ആഗസ്റ്റ് രണ്ട് വരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മപരിശോധന ആഗസ്റ്റ് മൂന്നിന് നടക്കും. ആഗസ്റ്റ് അഞ്ച് വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.

മട്ടന്നൂർ നഗരസഭാ പ്രദേശത്ത് ഇന്നലെ മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്.2017ൽ അധികാരമേറ്റ നഗരസഭാ ഭരണസമിതിക്ക് ഈ വർഷം സെപ്തംബർ 10 വരെയാണ് കാലാവധി. 2017ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ ഇരുപത്തിയെട്ടും നേടിയാണ് അനിതാ വേണു അധ്യക്ഷയായ എൽ.ഡി.എഫ്. കൗൺസിൽ ഭരണത്തിലെത്തിയത്. ഏഴു സീറ്റിൽ യു.ഡി.എഫ് ഒതുങ്ങി. എന്നാൽ 2012ൽ നടന്ന തിരഞ്ഞെടുപ്പിൽ 34 സീറ്റിൽ 20ൽ എൽ.ഡി.എഫും. 14ൽ യു.ഡി.എഫുമാണ് വിജയിച്ചത്.

കാലം തെറ്റിയ തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് സമയക്രമത്തിൽ വന്ന വ്യത്യാസമാണ് മട്ടന്നൂർ നഗരസഭയെ ഒറ്റപ്പെടുത്തിയത്. 1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ അതെ വർഷം മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി . ഇതിനെതിരെ ഇടതുമുന്നണി ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചുനൽകാൻ വിധി വന്നു.എന്നാൽ ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭ പൂർണസജ്ജമായില്ല.സ്‌പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് തിരഞ്ഞെടുപ്പ് നടന്നത് . അന്നു മുതൽ മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് കാലം തെറ്റിയാണ്.

ഇടത് ആത്മവിശ്വാസം പ്രകടം

കഴിഞ്ഞ അഞ്ച് വർഷം നഗരവികസനത്തിൽ വന്ന മാറ്റം വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഇതുവരെയില്ലാത്ത വികസന പ്രവർത്തനങ്ങളാണ് അഞ്ച് വർഷത്തിനുള്ളില്‍ നടപ്പിലാക്കിയതെന്ന് ചെയർപെഴ്സൺ അനിതാ വേണുവിന്റെ അവകാശവാദം. അതെ സമയം വികസനമുരടിപ്പ് ചൂണ്ടിക്കാട്ടി മട്ടന്നൂർ മാറ്റാൻ യു ഡി എഫ് എന്ന മുദ്രാവാക്യവുമാണ് മറുപക്ഷം മുന്നോട്ടുവെക്കുന്നത്.

കോൺഗ്രസ് 24 സീറ്റിൽ

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഘടകകക്ഷികൾ തമ്മിൽ സീറ്റ് ധാരണയായി. കോൺഗ്രസ് 24 സീറ്റിലും മുസ്ലീംലീഗ് 9 സീറ്റിലും ആർ.എസ്.പി, സി.എം.പി. ഓരോ സീറ്റിലും മത്സരിക്കും.

സഹകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പിന് എല്ലാ പിന്തുണയും രാഷ്ട്രീയ പാർട്ടികൾ ഉറപ്പുനൽകി. . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി എ. സന്തോഷ്, ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലിറ്റി ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വി.ശശീന്ദ്രൻ, വി.കെ സുഗതൻ (സി.പി.എം), ടി വി രവീന്ദ്രൻ (കോൺഗ്രസ്), എം.ഗംഗാധരൻ (സി.പി.ഐ), ഇ.പി ഷംസുദ്ദീൻ, പി.പി അബ്ദുൾ ജലീൽ (ഐ.യു.എംഎൽ), രാജൻ പുതുക്കുടി, ജിയിൻ വി. വി (ബി.ജെ.പി), വി. കെ ഗിരിജൻ (എൽ.ജെ.ഡി), വി. മോഹനൻ (ആർ.എസ്.പി), അജയൻ പായം (എൻ.സി.പി), സി ധീരജ് (ജെ.ഡി.എസ്), മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി), തുടങ്ങിയവർ പങ്കെടുത്തു.