പഴയങ്ങാടി: കഴിഞ്ഞ ദിവസം രാവിലെ പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.എഫ് 17-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി മത്സ്യഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിന് സമീപം വച്ച് ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റത്തിനും ഉന്തുംതള്ളിനും ഇത് ഇടയാക്കി. പ്രവർത്തകർ ബാരിക്കേട് മറച്ചിട്ടു പ്രതിഷേധിച്ചു.
മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ടി.എൻ.എ.ഖാദർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജോയി ചൂട്ടാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബ്രിജേഷ് കുമാർ, എസ്.യു. റഫീഖ്, മന്ദി പവിത്രൻ, കെ. സോമൻ, എം.കെ. കരിം, യൂസഫ് പ്രസംഗിച്ചു. സമദ് ചൂട്ടാട് സ്വാഗതം പറഞ്ഞു. ഇന്നലെ പുതിയങ്ങാടിയിൽ കടക്കോടി സംരക്ഷണ സമതി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പഴയങ്ങാടി സി.ഐ ടി.എൻ സന്തോഷ് കുമാർ, പയ്യന്നൂർ സി.ഐ, പെരിങ്ങോം സി.ഐ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.
യു.ഡി.എഫിന്റേത് കള്ളപ്രാചരണം: എം.എൽ.എ
പുതിയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചെന്നും എം.എൽ.എ എം. വിജിൻ പറഞ്ഞു. സി.ആർ.സെഡ് അനുമതി മാത്രമാണ് ഇനി കിട്ടാനുള്ളത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫ് നടത്തുന്ന കള്ളപ്രചാരണത്തിൽ പൊതുജനം വീണുപോകരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു.