ആലക്കോട്: മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ആലക്കോടിന്റെ ശില്പി പൂഞ്ഞാർ രാജകുടുംബാംഗം അന്തരിച്ച പി.ആർ. രാമവർമ്മരാജ സ്വന്തമായി കരാറെടുത്ത് നിർമ്മിച്ചതും മലയോര ഹൈവേ റൂട്ടിൽ ഏറ്റവും പഴക്കം ചെന്നതുമായ പാലമാണ് ആലക്കോട് പാലം. പാലം നിർമ്മിച്ച് 63 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അന്ന് കൂപ്പുലോറികൾക്ക് കടന്നുപോകുന്നതിനായി നിർമ്മിച്ച പാലത്തിൽ കൂടി 40 ടണ്ണിലധികം ഭാരവും കയറ്റിക്കൊണ്ട് ടോറസ് ലോറികളുൾപ്പെടെയുള്ള ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്.
തകർച്ചാഭീഷണി നേരിടുന്ന ആലക്കോട്, കരുവൻചാൽ പാലങ്ങൾ എത്രയും പെട്ടെന്ന് പുനർനിർമ്മിക്കണമെന്നുള്ള മുറവിളികൾക്കൊടുവിൽ ആലക്കോട് പാലത്തിനു പകരം പുതിയ പാലം നിർമ്മിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണാനുമതി നൽകി. കിഫ്ബി ഫണ്ടിൽ നിന്നും 3.2 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. എന്നാൽ പാലത്തിന് തറക്കല്ലിടുകയും നിർമ്മാണപ്രവൃത്തി ആരംഭിക്കുകയും ചെയ്തതോടെ പുതിയ പ്രശ്നങ്ങൾ തലപൊക്കി. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 4 വർഷക്കാലമായി നിലനിൽക്കുന്ന തർക്കം കോടതിയിൽ നിന്നും സ്റ്റേയുടെ രൂപത്തിൽ വന്നതോടെ കരാറുകാരൻ പാലം നിർമ്മാണം നിറുത്തിവച്ച് സ്ഥലംവിട്ടു.

തകർത്തുപെയ്യുന്ന മഴയിൽ പുഴ നിറഞ്ഞൊഴുകുമ്പോൾ പുതിയ പാലത്തിന്റെ തൂണുകൾക്കായുള്ള കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുത്ത് നൽകേണ്ടുന്ന പഞ്ചായത്ത് അധികൃതർക്ക് കോടതിവിധി അനുകൂലമാകുമെന്ന പ്രതീക്ഷയായിരുന്നു. 4 വർഷം മുമ്പ് അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കാൻ പഞ്ചായത്ത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ നീക്കി വെച്ചിരുന്നു. എന്നാൽ അപ്രോച്ച് റോഡിനുള്ള സ്ഥലം സർക്കാർ ഭൂമിയാണെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതോടെ സ്ഥലമെടുപ്പ് ഒഴിവാക്കി. ഇതോടെ സ്ഥലമുടമയായ പുറക്കാട്ട് ബൈജു കോടതിയെ സമീപിച്ചു. തർക്കം സിവിൽകേസായി കോടതിയിൽ നിലനിൽക്കുന്നതിനാൽ നിലവിലുള്ള പാലം തകർന്നുവീണാലും പുതിയപാലം നിർമ്മാണം പൂർത്തിയാക്കി വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.

കുടിയേറ്റത്തെ ശക്തിപ്പെടുത്തി

1957ലെ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച മൂന്ന് പാലങ്ങളിൽ രണ്ടെണ്ണം മണക്കടവ് പാലവും കരുവൻചാൽ പാലവുമാണ്. പാലം നിർമ്മാണത്തിന്റെ കരാർ ഏറ്റെടുക്കുവാൻ ആരും വരാതിരുന്നതിനാൽ ആലക്കോട് ഉൾപ്പെടെ മൂന്നു പാലങ്ങളുടെയും നിർമ്മാണകരാർ രാമവർമ്മരാജാ ഏറ്റെടുക്കുകയായിരുന്നു. പാലങ്ങളും റോഡുകളും വന്നതോടെ മലയോരത്തേയ്ക്കുള കുടിയേറ്റം ശക്തിപ്പെടുകയും വനനിബിഡമായിരുന്ന പ്രദേശങ്ങളൊക്കെ കാർഷിക സമൃദ്ധിയാൽ നിറയുകയും ചെയ്തു.