കണ്ണൂർ: വിധിയെ പഴിച്ചുള്ള ജീവിതമല്ല, വിധിയെ വെല്ലുവിളിക്കുമ്പോഴാണ് ജീവിതം കരുത്ത് നേടുന്നതെന്ന അതിജീവനത്തിന്റെ പുതിയ പാഠവുമായി കാൻസറിന് ചികിത്സ തേടുന്നുവരും രോഗത്തെ അതിജീവിച്ചവരും സംഗമിക്കുന്നു. 'അമൃതം 2022' എന്ന് പേരിട്ട പരിപാടിയിലൂടെയാണ് മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാരും ജീവനക്കാരും കാൻസർ രോഗികളും രോഗത്തെ അതിജീവിച്ചവരും സംഗമിക്കുന്നത്.
30ന് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ കാൻസർ സെന്റർ, തലശ്ശേരി നഗരസഭ, ജില്ലാ പഞ്ചായത്ത്, കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കാൻസറിനെ കുറിച്ചുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാ ബോധം കുറയ്ക്കുക എന്നിവയാണ് 'അമൃതം 2022'ന്റെ ലക്ഷ്യം. കൂട്ടായ്മയിൽ കാൻസർ അതിജീവിതർ അനുഭവങ്ങൾ പങ്കുവയ്ക്കും. പ്രശസ്ത വ്യക്തികൾ, കാൻസർ അതിജീവിതർ, അവരുടെ കുടുംബാംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
രോഗത്തെ അതിജീവിച്ചവർക്ക് ഉപയോഗപ്രദമായ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് ഓൺലൈനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കഥാകൃത്ത് എസ്. സിത്താരയുടെ എഴുത്തുകാരിയും അതിജീവിതവും എന്ന പുസ്തകപ്രകാശനവും നടക്കും. രോഗത്തെ അതിജീവിച്ചവരിൽ പ്രത്യേകതയുള്ളവരെയും ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഡോ. സംഗീത കെ. നായനാർ, ഡോ. ടി.കെ. ജിതിൻ, വിജിലൻസ് ഓഫീസർ പി.കെ. സുരേഷ്, സി.എസ്. പദ്മകുമാർ എന്നിവർ സംബന്ധിച്ചു.