ചെറുവത്തൂർ: ചീമേനിയിൽ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനു വേണ്ടി സ്ഥാപിതമായ ഭുവനേശ്വരി എഡ്യൂക്കേഷണൽ എംപ്ലോയ്മെന്റ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭുവനേശ്വരി ആർട്സ് ആൻഡ് സയൻസ് കോളേജിനു കേരള സർക്കാരിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും പ്രവർത്തനാനുമതി ലഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചീമേനിയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ കയ്യൂർ റോഡിൽ കനിയാൻ തോലിലാണ് അഞ്ച് ഏക്കർ സ്ഥലത്തായി കോളേജ് കാമ്പസ് ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായത്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് 2022-23 വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബി.കോം (കോ-ഓപ്പറേഷൻ)-40 സീറ്റ് , ബി.എ. (ഇംഗ്ലീഷ്)-35 സീറ്റ് , ബി.ബി.എ. (ടി.ടി.എം) ട്രാവൽ ആൻഡ് ടൂറിസം-40 സീറ്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ കോളേജ് ഓഫീസുമായും അഡ്മിഷനു ബന്ധപ്പെടാം. ഫോൺ: 0467 2940 150.
വിദ്യാഭ്യാസ മേഖലയിൽ ഏറെ പരിചയസമ്പന്നനായ ഡോ. കെ.കെ. സോമശേഖരൻ പ്രിൻസിപ്പളായും പ്രൊഫ. ആർ. സത്യനാഥൻ ഭരണ വിഭാഗം മേധാവിയായും ചുമതല ഏറ്റെടുത്തിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തി നിയമന നടപടികൾ പൂർത്തീകരിച്ചു വരുന്നു. ചീമേനി പോലുള്ള പ്രദേശത്ത് ഉന്നത നിലവാരമുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രമായി ഭുവനേശ്വരി ആർട്സ് ആൻഡ് സയൻസ് കോളേജിനെ വളർത്തിക്കൊണ്ടു വരിക എന്നതും ട്രസ്റ്റിന്റെ ലക്ഷ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂണിവേഴ്സിറ്റി നിശ്ചയിച്ച ഫീസും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉയർന്ന പരിഗണനയും നൽകി ട്രസ്റ്റ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുന്നതാണ്. വാർത്ത സമ്മേളനത്തിൽ രക്ഷധികാരി വി. പ്രമോദ് കോമരം (കരിവെള്ളൂർ വലിയച്ഛൻ), ചെയർമാൻ കെ.പി.വി ബാലൻ, സെക്രട്ടറി വി. വിജയൻ, പ്രിൻസിപ്പാൾ കെ.കെ സോമശേഖരൻ, ഡയറക്ടർമാരായ എം. ബാലരാജൻ, കെ.സി രമേശൻ, ഷാജി കുന്നാവ് എന്നിവർ സംബന്ധിച്ചു.
അദ്ധ്യാപക ഒഴിവുകൾ
ചെറുവത്തൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ചീമേനി ഭുവനേശ്വരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ അദ്ധ്യാപകരുടെ ഒഴിവുണ്ട്. നിർദ്ധിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 29 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.