ചെറുവത്തൂർ: നൽകിയ വാഗ്ദാനം പാലിക്കാതെ പഞ്ചായത്ത് കൈയൊഴിഞ്ഞപ്പോൾ തോടിന്റെ കുറുകെ നടപ്പാലം നിർമ്മിച്ച് പുരുഷ സ്വയംസഹായ സംഘം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന പീലിക്കോട് - ചെറുവത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന മട്ടലായി തോടിന്റെ കുറുകെയാണ് കരുവാക്കോട് തണൽ പുരുഷ സ്വയം സഹായ സംഘ നടപ്പാലം നിർമ്മിച്ചത്.
സ്ലാബ് കാലപ്പഴക്കം കാരണം തകർന്നത് കേരള കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ, മട്ടലായി ശ്രീരാമ ക്ഷേത്രം, ശിവക്ഷേത്രം, ദേശീയ പാത തുടങ്ങിയവയുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യമാണ് പാലം തകർന്നതോടെ ഇല്ലാതായത്. ഇതോടെ നാട്ടുകാർ രണ്ട് പഞ്ചായത്തുകളുമായി നിരന്തരം ബന്ധപെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുരുഷ സ്വയം സഹായ സംഘം രംഗത്തിറങ്ങിയത്. സംഘം പ്രസിഡന്റ് സി. ചന്ദ്രൻ, സെക്രട്ടറി കെ. ശ്രീകുമാർ, എ. ചന്ദ്രൻ, വി. സുധാകരൻ, എം.പി കുഞ്ഞികൃഷ്ണൻ, വി.വി. കുഞ്ഞമ്പു, വി. രവി, കെ. ഷാജു, വിജേഷ് എന്നിവർ നേതൃത്വം നൽകി.