തൃക്കരിപ്പൂർ: മരുന്നിന്റെ ലഭ്യതക്കുറവും ഫണ്ട് യഥാസമയം കിട്ടാത്തതും കാരണം മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വയോജന ആരോഗ്യപരിപാലന പദ്ധതി അവതാളത്തിൽ. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കൊയോങ്കര ഗവ. ആയുർവ്വേദ ആശുപത്രിയിലെ മരുന്നു വിതരണമാണ് പാതിവഴിയിൽ വെച്ച് തുടരാൻ കഴിയാത്ത അവസ്ഥയിലുള്ളത്.

60 വയസിന് മുകളിലുള്ളവർക്കുള്ളതാണ് എണ്ണ, കുഴമ്പ്, തൈലങ്ങൾ, ഗുളികകൾ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതി. നേരത്തെ രജിസ്റ്റർ ചെയ്തവർക്കായി ആഴ്ചയിൽ മൂന്നു ദിവസമായാണ് പരിശോധനയും മരുന്നു വിതരണവും നടക്കുന്നത്. ഏകദേശം ഇരുനൂറ്റി അൻപതോളം പേർ ഇവിടെ ഈ സൗജന്യത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വയോജനങ്ങൾ ഈ ആനുകൂല്യത്തിനായി ആശുപത്രിയെ സമീപിച്ചപ്പോഴാണ് മരുന്ന് ക്ഷാമം മൂലം തൽക്കാലം നിർത്തിവെച്ചതായി അറിയുന്നത്.

അതുകൊണ്ടു തന്നെ പലരും നിരാശരായി മടങ്ങുകയാണ്. നിരവധി പഞ്ചായത്തുകളിൽ വിവിധ പേരുകളിൽ ഇത്തരം പദ്ധതികളുണ്ട്. പക്ഷേ സർക്കാരിന്റെ ഫണ്ട് വിഹിതം യഥാസമയം ലഭ്യമല്ലാത്തത് ഇത്തരം പദ്ധതികൾക്ക് കരിനിഴൽ വീശുകയാണ്.

സർക്കാരിൽ നിന്നും പഴയതു പോലെ വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാലാണ് ആയുർവേദ ആശുപത്രിയിലെ വയോജന ആരോഗ്യപരിപാലന പദ്ധതി വേണ്ട പോലെ തുടരാൻ കഴിയാത്തത്. അങ്കണവാടി കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങിയവ റിപ്പയർ ചെയ്യാനും ഫണ്ടില്ലാത്ത സ്ഥിതിയുണ്ട്. റോഡിതര പ്രൊജക്ടുകളുടെ ഫണ്ട് കുറഞ്ഞതാണ് ഇതിന് കാരണം.

സത്താർ വടക്കുമ്പാട്, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്.