പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീണ്ടു നൽക്കുന്ന 'ഉരിയാട്ടം ' പ്രഭാഷണ പരമ്പര നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗാന്ധി പാർക്കിൽ വൈകിട്ട് മൂന്നരയ്ക്ക് സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഥാകൃത്ത് എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ' ചരിത്രവും ഭാവനയും ' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ആദരസമ്മേളനം, ലൈബ്രറി പ്രവർത്തകരുടെ സംഗമം, കലാപരിപാടികൾ തുടങ്ങിയവയുമുണ്ടാകും.

തുടർ ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾ മുൻ എം.എൽ.എമാരായ സി. കൃഷ്ണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, ടി.വി. രാജേഷ് എന്നിവരും ഞായറാഴ്ച നടക്കുന്ന ആദരസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധുവും ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് ഒന്നിന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ദാമോദരന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ കെ. ശിവകുമാർ, കെ. ദാമോദരൻ, വൈ.വി. സുകുമാരൻ, എ. ശ്രീധരൻ, വി.വി. ചന്ദ്രശേഖരൻ, കെ.സി. ലക്ഷ്മണൻ, കെ.വി. സുരേഷ് ബാബു, സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.