കാനറാ ബാങ്കിൽ അടയ്ക്കാനുള്ളത് 3 കോടിയും പലിശയും

മാഹി: ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ പുതുച്ചേരി ആഗ്രോ പ്രോഡക്ട്സ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാഹി ശാഖ ജപ്തി ചെയ്യുന്നു. ഇത് സംബന്ധിച്ച് കനറാ ബാങ്ക് അധികൃതർ കോർപ്പറേഷൻ എം.ഡിക്ക് നോട്ടീസ് നൽകി. 60 ദിവസത്തിനകം കടബാദ്ധ്യതകൾ തീർക്കാത്ത പക്ഷം ജപ്തി ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
1999 മേയ് മാസത്തിലാണ് മയ്യഴി പള്ളിക്കടുത്ത് ദേശീയ പാതയോരത്ത് പാപ്‌സ്‌കോയുടെ മാഹി ശാഖ ആരംഭിച്ചത്. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച വിശാലമായ ഗോഡൗൺ ഉൾപ്പെടെ സ്വന്തം കെട്ടിടമുള്ള ഈ സ്ഥാപനം പുതുച്ചേരിയിലെ മനേജ്‌മെന്റിന്റെ പിടിപ്പുകേട് മൂലം വർഷങ്ങൾ കഴിയുന്തോറും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2002 ൽ മാഹി ഡിപ്പോവിന്റെ ഈടിൽ മൂന്ന് കോടി രൂപ കനറാ ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു. പുതുച്ചേരിയിലെ ഐ.എം.എഫ്.എൽ ലൈസൻസും പെട്രോൾ പമ്പ് ലൈസൻസും പുതുക്കാനും മറ്റ് കടബാദ്ധ്യതകൾ തീർക്കാനുമാണ് ബാങ്ക് വായ്പയെടുത്തത്. തിരിച്ചടവ് ഉണ്ടായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ നാലര വർഷക്കാലമായി മാഹിയിലെ ആറ് ജീവനക്കാർക്ക് ശമ്പളവും നൽകിയിട്ടില്ല.

സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അടച്ചുപൂട്ടാൻ ഇന്നേവരെ സർക്കാർ തീരുമാനിച്ചിട്ടുമില്ല. ശമ്പള കുടിശ്ശികയും, മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കിയാൽ പിരിഞ്ഞുപോകാൻ ജീവനക്കാർ തയ്യാറാണ്. കടുത്ത സാമ്പത്തിക പരാധീനതകളിൽ വീർപ്പുമുട്ടുന്ന പാപ്സ്‌കോവിന് ഇന്നത്തെ സാഹചര്യത്തിൽ, വായ്പാ തുക വൻ പലിശയടക്കം തിരിച്ചടക്കാനാവില്ല. കോടികൾ വിലമതിക്കുന്ന മയ്യഴിയുടെ ഹൃദയഭാഗത്തുള്ള ഈ ഡിപ്പോ സർക്കാരിന് നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

കോർപ്പറേഷനെ കറവപ്പശുവാക്കി മാറ്റുകയും, ജീവനക്കാരെ തിരുകിക്കയറ്റിയും മനേജ്‌മെന്റിന്റെ ധൂർത്തുമാണ് കോർപ്പറേഷനെ തകർത്തത്. പട്ടിണിയിലായ തൊഴിലാളികൾക്ക്, എത്രയും പെട്ടെന്ന് സർക്കാറിന്റെ സഹായത്തോടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കണം

കെ. ഹരീന്ദ്രൻ, ഹോണററി പ്രസിഡന്റ്,
സി.എസ്.ഒ. മാഹി