കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ സഹായത്തോടെയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും അടുക്കളയും ഭക്ഷണമുറിയും ഗാർഡൻ ബ്ലോക്കും നിർമ്മിച്ചത്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.കെ അജിത്ത് കുമാർ ഉപഹാര സമർപ്പണം നടത്തി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം എം. രമേശൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.കെ അനിൽകുമാർ, ഹയർസെക്കൻഡറി കണ്ണൂർ മേഖല ഉപഡയറക്ടർ പി.വി പ്രസീത, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.