ഇരിട്ടി: നഗരസഭ ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയിൽ അനധികൃത ഫയലുകൾ കണ്ടെത്തിയതിലുള്ള ദുരൂഹത നീക്കാത്തതിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നഗരസഭ ഭരണ കക്ഷിയുടെ നിലപാടിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുവെന്ന യു.ഡി.എഫ് അംഗങ്ങളുടെ വാദം അംഗീകരിക്കുന്നതാണ് ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയെന്നും കൗൺസിൽ യോഗം ബഹിഷ്‌കരിച്ചതിനുശേഷം യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
നഗരസഭ ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിച്ചുള്ള പോസ്റ്ററുകളും മറ്റും വന്നതിനെ കുറിച്ചും ഇത്തരം പ്രവൃത്തികൾ അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയാണോ എന്നുള്ളതിനെ കുറിച്ചും അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും സ്വീകരിച്ചിരുന്നത്.
പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. യു.ഡി.എഫ് കൗൺസിലർമാരായ പി.കെ. ബൽക്കീസ്, സമീർ പുന്നാട്, വി.പി. അബ്ദുൽ റഷീദ്, വി. ശശി, പി. ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എൻ.കെ. ഇന്ദുമതി, എം.കെ. നജ്മുന്നിസ, സാജിദ ചൂര്യോട്, എൻ.കെ ശാന്തിനി എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.