പഴയങ്ങാടി:മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് റേസ് ഗ്യാലറിയും ഫ്ലോട്ടിംഗ് റസ്റ്റോറന്റും സ്ഥാപിക്കുന്നു. പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് ഇവ സ്ഥാപിക്കുന്നത്. ബോട്ട് റെയ്സ് ഗ്യാലറിക്ക് 2.87 കോടിയുടേയും ഫ്ലോട്ടിംഗ് റസ്റ്റോറന്റ് പ്രവൃത്തിക്ക് 1.88 കോടിയുടേയും ഭരണാനുമതി ലഭിച്ചിരുന്നു.
പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലോട്ടിംഗ് റസ്റ്റോറന്റിലിരുന്ന് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് രുചി വൈവിദ്ധ്യം നുണയാം. ടൂറിസം വികസനത്തിന്റെ പുതിയ സാദ്ധ്യതകൾ തുറക്കുന്നതാണ് പദ്ധതികളെന്ന് അധികൃതർ പറഞ്ഞു. പഴയങ്ങാടി ബോട്ട് ടെർമിനൽ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ബോട്ട് റേസ് ഗാലറി, ഫ്ളോട്ടിംഗ് റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക് എന്നിവ കൂടി പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാരം കേന്ദ്രമായി പഴയങ്ങാടി മാറും.
പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എം.വിജിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് ഇരു പ്രവൃത്തികളുടെയും നിർവഹണ ഏജൻസി. എം.എൽ.എ യോടൊപ്പം കെൽ പ്രതിനിധികളായ റിഷിത്, അഭിലാഷ്, കരാറുകാരുടെ പ്രതിനിധികളായ വി.മധുസുദനൻ, എം.വി. നിധിൻ എന്നിവരും ഉണ്ടായിരുന്നു.
വള്ളംകളി കാണാം, ഭക്ഷണവൈവിദ്ധ്യം നുണയാം
പഴയങ്ങാടി വള്ളംകളി സൗകര്യപ്രദമായി കാണാൻ സാധിക്കുന്ന രീതീയിലാണ് ഗാലറി ഒരുക്കുന്നത്. അറുപത്തിയഞ്ച് മീറ്റർ നീളവും രണ്ടു മീറ്റർ വീതിയിലും പണിയുന്ന ഗാലറിയിൽ 500 പേർക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളിൽ വിനോദസഞ്ചാരികൾക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും. കരയിൽ നിന്നും 9 മീറ്റർ അകലത്തിൽ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 1600 ചതുരശ്ര അടി പൂർണ്ണമായും ഭക്ഷണശാലക്കായി വിനിയോഗിക്കാൻ സാധിക്കും.