photo-
അളകാപുരി വെള്ളച്ചാട്ടം

കണ്ണൂർ: കേരള -കർണാടക അതിർത്തിയിലെ മനോഹര കാഴ്ചയാവുകയാണ് അളകാപുരി വെള്ളച്ചാട്ടം. ഇരുന്നൂറടിയോളം ഉയരത്തിൽ നിന്ന് കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്കുള്ള വെള്ളത്തിന്റെ പതനം കാഴ്ചക്കാരെ മാടിവിളിക്കുകയാണ്.

മഴക്കാലമായതോടെ കാഞ്ഞിരക്കൊല്ലിയിലെ ഈ കാഴ്ച അതീവഹൃദ്യമാണ്. ജില്ലയിൽ മഴക്കാലത്ത് ഏ​റ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അളകാപുരി വെള്ളച്ചാട്ടം. നൂറുകണക്കിനാളുകളാണ് വെള്ളച്ചാട്ടം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി മഴ മാറിനിന്നതോടെ ദിനംപ്രതിയ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

മലയോര ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ഏ​റ്റവും മനോഹരകാഴ്ചയും ഈ വെള്ളച്ചാട്ടം തന്നെയാണ്. മഴക്കാലം തുടങ്ങുന്നതോടെ സജീവമാകുന്ന വെള്ളച്ചാട്ടം തുലാമഴ കഴിയുന്നതോടെ വളരെ നേർത്തതായി തീരും. മുകളിൽ നിന്ന് ഒഴുകി പാറക്കൂട്ടങ്ങൾക്കിടയിലൂടടെ ചിന്നിച്ചിതറി താഴേക്ക് പതഞ്ഞപാൽ പോലെയാണ് ഒഴുകുന്നത്.

കാഞ്ഞിരക്കൊല്ലിയുടെ ടൗൺ ഭാഗത്ത് നിന്ന് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാൻ കഴിയും. വെള്ളച്ചാട്ടത്തിന്റെ ഏ​റ്റവും സുന്ദരമായ അവസ്ഥയാണ് ഇപ്പോൾ.

ഇതുവഴി പോകാം

കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക് കണ്ണൂർ -മയ്യിൽ -ശ്രീകണ്ഠപുരം -പയ്യാവൂർ -കാഞ്ഞിരക്കൊല്ലി വഴിയും തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്നവർക്ക് വളക്കൈ - ശ്രീകണ്ഠാപുരം - പയ്യാവൂർ ചന്ദനക്കാംപാറ കാഞ്ഞിരക്കൊല്ലി വഴിയും ഇരിട്ടിയിൽ നിന്ന് വരുന്നവർക്ക് ഇരിട്ടി -ഉളിക്കൽ -മണിക്കടവ് -കാഞ്ഞിരക്കൊല്ലി വഴിയും അളകാപുരി വെള്ളച്ചാട്ടത്തിനടുത്തേക്കെത്താം.