കണ്ണൂർ: കൂത്തുപറമ്പ് -കണ്ണൂർ സംസ്ഥാനപാതയിൽ മൂന്നാംപാലത്ത് നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് മുൻപേ വാഹനങ്ങളെ കടത്തിവിട്ടത് കടുത്ത ദുരിതം സൃഷ്ടിക്കുന്നു. പാലത്തിലും റോഡിലുമായി ഇട്ട കരിങ്കൽപൊടിയാണ് ദുരിതം വിതയ്ക്കുന്നത്.
വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വ്യാപാരികളും തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരും ഒരുപോലെ ദുരിതത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പാലം പൂർത്തിയാകുന്നതിന് മുമ്പെ ജനകീയ പ്രതിഷേധം ഭയന്ന് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. പാലത്തിനിരുവശവുമുള്ള പൊലീസ് ചെക്ക് പോസ്റ്റും നീക്കി. ഇപ്പോൾ പാലം റോഡിലെ പാർശ്വഭിത്തിയുടെ കോൺക്രീറ്റ് നടക്കുകയാണ്.ഇതിനിടെയിലാണ് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലും റോഡിലും കരിങ്കൽപൊടി വിതറിയത്. മഴമാറി നിന്നതോടെയാണ് പൊടിശല്യം കടുത്തുതുടങ്ങിയത്. പാലം റോഡ് അതിവേഗം പൂർത്തിയാക്കി ടാറിംഗ് നടത്തി പ്രശ്നം പരിഹരിക്കുമെന്ന് കരാറുകാർ പറയുന്നുണ്ടെങ്കിലും ഇതിന് ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നാണ് സൂചന.
താഴെയിറങ്ങി വ്യാപാരം,
ഇരുട്ടടിയായി പൊടിശല്യം
ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് പൊടിയുടെ ശല്യം കൂടുതലായും അനുഭവിക്കേണ്ടിവരുന്നത്. പലർക്കും അലർജിയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. മൂന്നാംപാലം നിർമ്മിച്ചതോടെ പാലത്തിനടിയിലായ വ്യാപാരികൾക്ക് മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ് പൊടിശല്യം. പലർക്കും കച്ചവടം നിർത്തേണ്ട അവസ്ഥയാണ്. തൊട്ടടുത്ത ഹോട്ടലുകളുടെയും അനാദിക്കടകളുടെയും സ്ഥിതി ദയനീയമാണ്. പാലത്തിന് സമീപത്തെ മൊയ്തുമെമ്മോറിയൽ വായനശാലയും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്.
ടാറിംഗ് പൂർത്തിയാക്കി പൊടിശല്യത്തിൽ നിന്നും യാത്രക്കാരെയും വ്യാപാരികളെയും പ്രദേശവാസികളെയുംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം.പുതിയ പാലം തുറന്നുകൊടുത്തപ്പോൾ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. സ്കൂൾ ബസുകൾ, ആംബുലൻസുകൾ എന്നിവയ്ക്കും പൊടി പ്രശ്നം സൃഷ്ടിക്കുകയാണ്-
ഷമേജ് പെരളശേരി (ചക്കരക്കൽ കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് )