പയ്യന്നൂർ : രാജ്യത്തെ മതേതര മൂല്യങ്ങൾ ഏറ്റവും ക്രൂരമായി തകർപ്പെടുമ്പോൾ ജനങ്ങളെ എല്ലാ സമയങ്ങളിലും വൃഥാ വിനോദങ്ങളിൽ തളച്ചിട്ട് ചിന്ത മരവിപ്പിക്കുവാനും നിസ്സംഗതരാക്കുവാനുമാണ് രാജ്യത്തെ ഭരണകൂടം ശ്രമിക്കുന്നതെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പര ഉരിയാട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പാട് അനുഭവിച്ച് കൊണ്ടിരിക്കുമ്പോഴും ജനം നിസ്സംഗരായിവരികയാണ്. ഈ രംഗം ആടി തീരും വരെ നിസ്സംഗരായി തുടരാം എന്നൊരു ചിന്താഗതി ഇന്ത്യക്കാരിൽ പൊതുവെ ദൃഢമായി കൊണ്ടിരിക്കുകയാണ്. ഇരുപത്തിനാലു മണിക്കൂറും മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയുന്നില്ല.
പണ്ട് ബ്രിട്ടീഷുകാർ പോലും ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളും ചിന്തകളും തിരിച്ച് കൊണ്ട് വരുവാനാണ് ഇന്നത്തെ ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുയ.
ഗാന്ധി പാർക്കിൽ നടന്ന പരിപാടിയിൽ ടി. ഐ. മധുസൂദനൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.' ചരിത്രവും ഭാവനയും ' എന്ന വിഷയത്തിൽ ഡോ: സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല എന്നിവർ മുഖ്യാതിഥികളായിരുന്നു.നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ദാമോദരൻ, പ്രൊഫ: മുഹമ്മദ് അഹമ്മദ്, എം.കെ. രമേശ് കുമാർ , മണിയറ ചന്ദ്രൻ, വി.നാരായണൻ,
വി.സി.നാരായണൻ ,കൃഷ്ണൻ നടുവലത്ത് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി കെ.ശിവകുമാർ സ്വാഗതവും ജോ: സെക്രട്ടറി വി.പി. സുകുമാരൻ നന്ദിയും പറഞ്ഞു.തുടർന്ന് കലാപരികളും അരങ്ങേറി.