ആലക്കോട്: കൊവിഡ് മഹാമാരിയെ തുടർന്ന് നിറുത്തിവച്ച രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കുന്നു. തളിപ്പറമ്പ് -ആലക്കോട് -കാപ്പിമല -മാവുഞ്ചാൽ സർവ്വീസിന്റെ ഫ്ളാഗ് ഒഫ് മാവുഞ്ചാലിൽ വച്ച് ഇന്ന് രാവിലെ 10.30 ന് എം.എൽ.എ അഡ്വ. സജീവ് ജോസഫ് നിർവ്വഹിക്കും. വലിയ അരീക്കമല -ചെമ്പേരി -നടുവിൽ -തളിപ്പറമ്പ് ബസ് സർവ്വീസിന്റെ ഫ്ളാഗ് ഒഫ് വലിയ അരീക്കമലയിൽ വച്ചും അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും. ഈ റൂട്ടുകളിൽ കഴിഞ്ഞ രണ്ടു വർഷമായി സർവ്വീസ് നിറുത്തിവച്ചതിനെത്തുടർന്ന് കടുത്ത യാത്രാക്ലേശം അനുഭവിച്ചുവരികയായിരുന്നു. ഈ രണ്ട് ബസ് സർവ്വീസുകൾ ഉൾപ്പെടെ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 5 ബസ് സർവ്വീസുകൾ നിറുത്തിവച്ചതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ സബ്മിഷനിലൂടെ പ്രശ്നം വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്നാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്.