
തളിപ്പറമ്പ്: കാക്കാഞ്ചാലിൽ പുള്ളിമാനെ കണ്ടെത്തി. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. തളിപ്പറമ്പ് ടൗണിൽ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഈ പ്രദേശത്ത്
റോഡിലൂടെ യാത്രചെയ്തവരാണ് വലിയ പുള്ളിമാനെ കണ്ടത്. ഇവർ പുള്ളിമാന്റെ ചിത്രങ്ങളും വീഡിയോയും പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. വനത്തിൽ നിന്ന് പുള്ളിമാൻ കനത്ത മഴയിൽ പുഴയിലൂടെ ഒഴുകിവരാനുള്ള സാദ്ധ്യതയാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുള്ളിമാനിനെ കണ്ടെത്താനായിട്ടില്ല. പത്ത് വയസോളം പ്രായമുള്ളതാണ് പുള്ളിമാൻ. സംരക്ഷിത പട്ടികയിൽപ്പെടുന്ന മൃഗമായതിനാൽ രാത്രിയിലും വനംവകുപ്പ് അധികൃതർ പ്രദേശം നിരീക്ഷിക്കും.