നീലേശ്വരം: നീലേശ്വരം നഗരസഭയേയും ചെറുവത്തൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പുറം -അച്ചാംതുരുത്തി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. പാലം ആരംഭിക്കുന്നതിന്റെ തൊട്ട് താഴെയുള്ള ഇരുഭാഗത്തേയും റോഡാണ് തകർന്നിരിക്കുന്നത്. കോട്ടപ്പുറം ഭാഗത്ത് പാലത്തിന്റെ തൊട്ട് താഴെ മെക്കാഡം ടാറിംഗ് ചെയ്ത ഭാഗമാണ് തകർന്ന് കുഴി പോലെയായി കരിങ്കൽ ചീളുകൾ റോഡിൽ ചിതറി കിടക്കുന്നത്.
2018 മാർച്ച് 11നാണ് പാലം ഉദ്ലാടനം ചെയ്തത്. ദേശീയപാതക്ക് സമാന്തരമായി നീലേശ്വരം മുതൽ പയ്യന്നൂർ വരെ ഈ പാലത്തിൽ കൂടി എളുപ്പത്തിൽ എത്താവുന്നതാണ്. കോട്ടപ്പുറം അച്ചാംതുരുത്തി ഭാഗത്ത് തകർന്നതിന് പുറമെ പടന്ന, ചെറുവത്തൂർ ഭാഗത്തും റോഡ് തകർന്നിരിക്കുകയാണ്. ഇരുചക്ര മുച്ചക്ര വാഹന യാത്രക്കാരാണ് കൂടുതലും ഇത് കൊണ്ട് പ്രയാസം അനുഭവിക്കുന്നത്.
മഴ വന്നാൽ വെള്ളം നിറഞ്ഞ് കുഴികാണാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയാണ്.
രാപകലില്ലാതെ കോട്ടപ്പുറം പാലത്തിലൂടെ അമിതഭാരം കയറ്റി ലോറികൾ പോകുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മടക്കര മത്സ്യബന്ധന തുറമുഖം, വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, കുളങ്ങാട്ട്മല, നെല്ലിക്കാതുരുത്തി കഴകം, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിലേക്ക് പോകുന്നതിനോടൊപ്പം ചെറുവത്തൂർ മടക്കര ഭാഗങ്ങളിലുള്ളവർക്ക് നീലേശ്വരത്തേക്കും കാഞ്ഞങ്ങാട്ടേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണ് തകർന്ന് കൊണ്ടിരിക്കുന്നത്.
വെട്ടിച്ചോടിയ ലോറികൾ
റോഡും കവർന്നു
ചെറുവത്തൂർ ചെക്ക് പോസ്റ്റ് വെട്ടിച്ച് കടന്നുപോകുന്ന അമിതഭാരം കയറ്റിയ ലോറികൾ കോട്ടപ്പുറം പാലം വഴിയാണ് കടന്ന് പോകുന്നത്. ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകിയതിനെ തുടർന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം ലോറികൾ പിടികൂടിയിരുന്നു. പാലത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള റോഡായതിനാൽ പാലത്തിലെ ഇറക്കത്തിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീണ് അപകടം വരാനും സാദ്ധ്യത കൂടുതലാണ്.