cripto

തളിപ്പറമ്പ്: മുപ്പതുശതമാനം ലാഭവിഹിതം നൽകുമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ നൂറുകണക്കിനാളുകളിൽ നിന്ന് തട്ടിയത് ഇരുപത് കോടിയോളം. കൈയിലുള്ള പണം പൊലിപ്പിച്ചെടുക്കാമെന്ന വാഗ്ദാനത്തിൽ വീണ് ജീവിതസമ്പാദ്യം മുഴുവനും നഷ്ടമായവരുടെ അനുഭവത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന പാഠ
മായി തളിപ്പറമ്പിലെ ഈ തട്ടിപ്പ്.

തളിപ്പറമ്പ് ക്രിപ്‌റ്റോ തട്ടിപ്പിലൂടെ അള്ളാംകുളം സ്വദേശിയായ യുവാവ് പതിനഞ്ചുമുതൽ 20 കോടിവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മാസങ്ങൾക്കു മുൻപാണ് ഇതിനു സമാനമായ മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലൂടെ നൂറുകോടി തട്ടിയ മലപ്പുറം സ്വദേശിയായ യുവാവും കൂട്ടാളികളും കണ്ണൂരിൽ കുടുങ്ങിയത്.
മുപ്പതു ശതമാനം ലാഭവിഹിതം തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് തളിപ്പറമ്പിലെ 22 വയസുകാരനായ യുവാവ് നൂറുകണക്കിനാളുകളിൽ നിന്നായി ഒരുലക്ഷം മുതൽ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്.ഒരുലക്ഷം നൽകിയവർക്ക് 13ദിവസത്തിനകം 1,30,000 രൂപ ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . നിക്ഷേപകരെ വിശ്വസിപ്പിക്കുന്നതിനായി തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ഒരു ഡിജിറ്റൽ ഓഫീസും യുവാവ് തുടങ്ങിയിരുന്നു. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ചുരുങ്ങിയ സമയം കൊണ്ടു നിക്ഷേപങ്ങൾക്ക് ലാഭമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.ആദ്യഘട്ടത്തിൽ ഇതു കൃത്യമായി പാലിച്ചതിനാൽ വിശ്വാസ്യതയും കൂടി. ഇതോടെ കൂടുതൽ തുക നിക്ഷേപിക്കാൻ ആളുകൾ തയ്യാറായി.
മത്സ്യവിൽപനക്കാർ തൊട്ട് വീട്ടമ്മമാർ വരെ മാന്ത്രിക വിദ്യയിലൂടെ ലാഭം നേടുന്നതിനായി ഇറങ്ങുകയായിരുന്നു. കമ്പനി പൂട്ടുന്ന ദിവസം വരെ ഇവിടെ 40 ലക്ഷം നിക്ഷേപം ലഭിച്ചിരുന്നു. നികുതിയടക്കുന്നതിൽ താൽപര്യക്കുറവുള്ളവരാണ് കൂടുതലും നിക്ഷേപം നൽകിയതെന്നതും ശ്രദ്ധേയമാണ്.

പരാതിയോ,​ ഉറവിടം എങ്ങനെ കാട്ടും
വ്യക്തമായ രേഖകളില്ലാത്തതിനാൽ പൊലീസിൽ പരാതി നൽകാനും നിക്ഷേപകരിൽ പലർക്കും കഴിയുന്നില്ല. നാൽപതു ലക്ഷം തട്ടിയെടുത്തെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ച തളിപറമ്പ് സ്വദേശി നൽകിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാതെ പരാതി പിൻവലിക്കുകയായിരുന്നു.പണം കൊടുത്തതിന് നിക്ഷേപകരുടെ കൈയ്യിൽ തെളിവായുള്ളത് നൂറുരൂപയുടെ എഗ്രിമെന്റുള്ള മുദ്രപേപ്പറാണ്. നിശ്ചിതകാലാവധി കഴിഞ്ഞാൽ ഇതു അസാധുവാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.

പരാതിക്കാർക്ക് പണമില്ല
പരാതി നൽകിയാൽ പൈസ തിരികെ കിട്ടില്ലെന്ന മുന്നറിയിപ്പുമായി ആരോപണവിധേയനായ യുവാവ് ഇൻസ്റ്റൻഗ്രാം വീഡിയോയിലൂടെ ഇതിനിടെ രംഗത്തുവന്നു.താൻ വാങ്ങിയ പൈസയുടെ കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകും.വാങ്ങിയത് ഞാൻ കൊടുക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ യുവാവ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. 20 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്ന് ഈയാൾ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ ഒരു ആഡംബര ഹോട്ടലിൽ ഇയാൾ കഴിയുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആരും പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് ഈയാളെ നിരീക്ഷിച്ചുവരുന്നുണ്ട്.