fasil

 കാസർകോട് അതിർത്തിയിൽ കനത്ത ജാഗ്രത

മംഗളൂരു: സുള്ള്യ ബെള്ളാരെയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെയും മംഗളൂരു സൂറത്ത് കല്ലിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ മംഗൽപ്പെട്ട സ്വദേശി ഫാസിലിന്റെയും കൊലപാതകങ്ങളെ തുടർന്ന് ദക്ഷിണ കർണ്ണാടകയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി മംഗളൂരു അതിർത്തിക്കുള്ളിലെ പ്രധാന നഗരങ്ങളായ പണമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ എന്നിവിടങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദക്ഷിണ കർണ്ണാടകയിലും കേരള അതിർത്തികളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇവിടെ പൊലീസ് കടുത്ത ജാഗ്രതയിലാണ്.

കേരള അതിർത്തിക്ക് അപ്പുറം കർണ്ണാടക പൊലീസും കാസർകോട് അതിർത്തിയായ തലപ്പാടിയിൽ കേരള പൊലീസും വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തി. സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ എത്തിക്കുന്നത് തടയാനായിരുന്നു കർശന റെയ്ഡ്. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പൊലീസിന്റെ അവശ്യപ്രകാരം വെള്ളിയാഴ്ച നിസ്കാരം വീടുകളിൽ ഒതുക്കിയിരുന്നു.

അതിനിടെ, സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിനെ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചു. കൊലപാതകത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ് എൻ.ഐ.എയ്ക്ക് വിടുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. പ്രവീണിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾ ഷഫീഖ് (21) സക്കീർ (29 ) എന്നിവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. ഇരുവരും രണ്ടുവർഷമായി പോപ്പുലർ ഫ്രണ്ടിന്റെ കമാൻഡർമാർ ആണെന്നാണ് പൊലീസ് നൽകുന്ന സൂചന.

പ്രവീണിന്റെ വീട്ടിലെത്തിയ കർണ്ണാടക മുഖ്യമന്ത്രി കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഗൂഢാലോചന അന്വേഷിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് എൻ.ഐ.എ അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നത്.

കോഴിക്കട അടച്ചു വീട്ടിലേക്ക് പോകുന്നതിനിടെ പ്രവീണിനെയും സൂറത്ത് കല്ലിലെ റെഡിമെയ്ഡ് കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഫാസിലിനെയും അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കൊലപാതകം നടന്നിരുന്നു. ദിവസങ്ങളുടെ ഇടവേളയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു.

കേരള അതിർത്തിയിൽ പൊലീസ് ബന്തവസ്

ദക്ഷിണ കർണ്ണാടകയിലെ ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, ബദിയടുക്ക അടക്കമുള്ള അതിർത്തി പൊലീസ് സ്റ്റേഷൻ പരിധികളിൽ പൊലീസ് സന്നാഹം ശക്തമാക്കി. കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള കൂടുതൽ പൊലീസ് സേനയെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഡ്യൂട്ടിക്കുള്ള ചുമതല നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയാണ് മേൽനോട്ടം വഹിക്കുന്നത്.