പിലാത്തറ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ മഞ്ഞൾ കൃഷിയിൽ ഒരു ഹൈടെക് മാതൃക. ഏര്യം -ബക്കളം പ്രദേശത്താണ് രണ്ടായിരം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗ് മാതൃകയിൽ മഞ്ഞൾകൃഷി ഇറക്കിയിരിക്കുന്നത്. പി.അബൂബക്കർ - കുഞ്ഞാമിന ദമ്പതികളുടെ പരിചരണത്തിലാണ് മഞ്ഞൾ തഴച്ച് വളർന്നിരിക്കുന്നത്.
കൃഷി വകുപ്പിന്റെ സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരമാണ് ഈ നൂതന കാർഷിക സംരംഭം . അൻപതു സെന്റ് സ്ഥലത്താണ് പോളിഹൗസ് സ്ഥിതി ചെയ്യുന്നതെങ്കിലും ഏകദേശം രണ്ടു മുതൽ മൂന്നു ഏക്കറിൽ കൃഷി നടത്താൻ സാധിക്കുന്ന വെർട്ടിക്കൽ രീതിയാണ് നടപ്പാക്കുന്നത്. ജലസേചനവും വളപ്രയോഗവും തുള്ളി നനയിലൂടെ ഓരോ ചുവടിനും ലഭിക്കുന്ന രീതിയാണ്.
ഒരു ട്രേയിൽ 120 മുതൽ 150 ചുവട് മഞ്ഞൾകൃഷി വരെ ചെയ്യാൻ സാധിക്കും. കൃഷി ഓഫീസർ വി.വി.ജിതിൻ തുടങ്ങിയവർ സാങ്കേതിക സഹായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്നുണ്ട്. കുറഞ്ഞ ഭൂമിയുള്ളവർക്ക് മാതൃകയാക്കാവുന്ന മഞ്ഞൾകൃഷി രീതിയാണ് ഇത് -വി.വി.ജിതിൻ കൃഷി ഓഫീസർ