പയ്യന്നൂർ: എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ. നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന വടക്കൻ മേഖലാജാഥക്ക് പയ്യന്നൂരിൽ ഉജ്വല വരവേൽപ്പ്. ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്ന് 300 ബൈക്കുകളുടെ അകമ്പടിയോടെയാണ് ജാഥയെ ജില്ലയിലേക്ക് വരവേറ്റത്.

പയ്യന്നൂർ ബ്ലോക്കിലെ 254 യൂണിറ്റുകളിൽ നിന്നുമായി 5000ലധികം യുവജനങ്ങൾ, പയ്യന്നൂർ സെൻട്രൽ ബസാറിൽ ജാഥയെ വരവേറ്റ് സ്വീകരണ കേന്ദ്രമായ ഷേണായി സ്‌ക്വയറിലേക്ക് ആനയിച്ചു. വാദ്യഘോഷങ്ങളും പയ്യന്നൂരിന്റെ തനത് കലാ രൂപങ്ങളും മുത്തുക്കുടകളും നിശ്ചല ദൃശ്യങ്ങളും വെടിമരുന്ന് പ്രയോഗവും ഫയർ ഡാൻസും മേളക്കൊഴുപ്പേകി.

പി.പി. അനിഷ, സി. ഷിജിൽ, വി. രഹിനേജ്, ടി.സി.വി. നന്ദകുമാർ, കെ. മനുരാജ്, കെ. മിഥുൻ, മുഹമ്മദ് ഹാഷിം, എ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷേണായി സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ വി. വസീഫ്, മാനേജർ എസ്.ആർ. അരുൺ ബാബു, ജാഥാംഗങ്ങളായ ആർ. രാഹുൽ, എം. വിജിൻ എം.എൽ.എ, എം.വി.ഷിമ, മീനു സുകുമാരൻ, സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ് സംബന്ധിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ വി.കെ. നിഷാദ് സ്വാഗതം പറഞ്ഞു.