
കൊട്ടിയൂർ:പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ട്രക്കിംഗ് ഇന്ന് രാവിലെ പത്തരയ്ക്ക് ആദ്യ സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് കണ്ണൂർ ഡി.എഫ് .ഒ പി.കാർത്തിക് നിർവഹിക്കും.കഴിഞ്ഞ മാസം മൂന്നിന് ട്രക്കിംഗ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇൻഷൂറൻസ് പരിരക്ഷ എർപ്പെടുത്താത്തതിനാൽ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. നിലവിൽ എല്ലാ വിധ പരിരക്ഷയും ഉറപ്പ് വരുത്തിയ ശേഷമാണ് ട്രക്കിംഗ് ആരംഭിക്കുന്നത് .പത്ത് പേർ അടങ്ങുന്ന ടീമായിട്ടാണ് പാലുകാച്ചി മലയുടെ മുകളിലേക്ക് കടത്തിവിടുകയുള്ളു.
ഒരു ടീം മല കണ്ട് മടങ്ങിയതിനു ശേഷമെ അടുത്ത ടീമിനെ കടത്തിവിടുകയുള്ളു. ഒരു മണിക്കൂർ മാത്രമാണ് അവിടെ ചെലവിടാനുമുള്ള സമയം.രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെ ടിക്കറ്റ് നൽകും.വൈകിട്ട് ആറിന് മുമ്പ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണം. മുതിർന്നവർ 50 രൂപയും കുട്ടികൾ 20 രൂപയും വിദേശികൾ 150 രൂപയും കാമറയക്ക് നൂറു രൂപയുമാണ് ടിക്കറ്റ് നിരക്ക് .
വനസംരക്ഷണ സമിതി നിയമിച്ച ആറ് താത്കാലിക ജീവനകാർ വിനോദ സഞ്ചാരികളെ സഹായിക്കും. ഇതിനു പുറമെ വന സംരക്ഷണ സമിതി പ്രവർത്തകരുമുണ്ടാകും. വനത്തിനകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.മഹേഷ്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി .അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ്, പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡന്റ് ജോർജ്കുട്ടി കുപ്പക്കാട്ട് എന്നിവർ സംബന്ധിച്ചു.
ഇക്കോ ടൂറിസം സെന്ററിൽ വൻപ്രതീക്ഷ
സമുദ്റ നിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലുകാച്ചി ടൂറിസം കേന്ദ്രം ജില്ലയിലെ മികച്ച ഒരു ഇക്കോ ടൂറിസം സെന്ററായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ടിക്കറ്റ് കൗണ്ടർ ,ക്ലോക്ക് റൂം, ടോയലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കേളകം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.കേളകം ,കൊട്ടിയൂർ പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമായത്.