കാസർകോട്: നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കാണാൻ പാടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സർക്കാരുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എം.പി പറഞ്ഞു. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി ബിജിലി മഹോത്സവ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
ഭാരതം സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെങ്കിൽ നാഗരിക ജനങ്ങളുടെ ജീവിതനിലവാരത്തോടൊപ്പം ഗ്രാമീണ ജനതയുടെ ജീവിത നിലവാരവും ഉയർത്തിക്കൊണ്ട് വരാൻ സാധിക്കണമെന്ന് എം.പി പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ, പവർ ഫിനാൻസ് കോർപ്പറേഷൻ ജില്ലാ നോഡൽ ഓഫിസർ കെ. ബിപിൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സ്വാഗതവും കെ.എസ്.ഇ.ബി കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.പി ഹൈദരാലി നന്ദിയും പറഞ്ഞു. സമ്പൂർണ ഗാർഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊർജം, ഉപഭോക്ത അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വീഡിയോ പ്രദർശനം നടന്നു.
മഹാത്മാഗാന്ധിയുടെ ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ ഗ്രാമങ്ങൾ മുഴുവൻ വൈദ്യുതികരിക്കാൻ ഗവൺമെന്റുകൾക്ക് സാധിച്ചിട്ടുള്ളത്. മാത്രമല്ല ഗ്രാമീണ ജനതയുടെ വീടുകളിൽ വൈദ്യുതി എത്തിക്കാനും നമ്മുടെ സർക്കാരുകൾക്ക് സാധിച്ചുവെന്നും എം.പി പറഞ്ഞു. ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും യക്ഷഗാനാവതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.