
ചെറുവത്തൂർ: മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. മുഖത്തും കാലിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊടോതുരുത്തി സ്വദേശിനി ബിനീഷക്കാണ് (34) ഗുരുതരമായി പരിക്കേറ്റത്. അക്രമണത്തിനിടയിൽ പൊള്ളലേറ്റ ഭർത്താവ് തുരുത്തി ആലിനപ്പുറം സ്വദേശിയും കാടങ്കോട് താമസക്കാരനുമായ ഓട്ടോ ഡ്രൈവർ പ്രദീപനെ പൊലീസ് കസ്റ്റഡിയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപടർന്ന് മെഡിക്കൽ ഷോപ്പ് കത്തിനശിച്ചു.
കുടുംബ പ്രശ്നത്തെ ചൊല്ലി ഭർത്താവ് പ്രദീപൻ കടയിലെത്തി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വി.ആർ.മെഡിക്കൽ ഷോപ്പിൽ ഉടമ ശ്രീധരൻ ഭക്ഷണം കഴിക്കാൻ പുറത്തു പോയതിന് പിന്നാലെ പെട്രോളുമായി റോഡരുകിൽ കാത്തുനിന്നിരുന്ന പ്രദീപൻ കടയിലെത്തുകയായിരുന്നു. ഭർത്താവിനെ കണ്ടപ്പോൾ കസേരയിൽ നിന്നെഴുന്നേറ്റ് കൗണ്ടറിന് അടുത്തേക്ക് എത്തിയ യുവതിയോട് ഈയാൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് ബിനീഷ വിസമ്മതിച്ചതോടെ കൈയിൽ കരുതിയ പെട്രോൾ ദേഹത്തേക്ക് ഒഴിച്ച ശേഷം സിഗാർ ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ചുരിദാർ ഷാളിന് തീപിടിച്ചു പൊള്ളലേറ്റ യുവതി കടയുടെ പിറകുഭാഗത്തെ വാതിലിനുള്ളിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. തീകൊളുത്തുന്നതിനിടെ യുവാവിനും പൊള്ളലേറ്റു.
യുവതി ഇരുന്ന കസേരയും മെഡിക്കൽ ഷോപ്പിനുള്ളിലെ മരുന്നുകളും ഫർണിച്ചറുകളും പൂർണ്ണമായും കത്തി. തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് കടയിലെ തീയണച്ചത്. ചന്തേര ഇൻസ്‌പെക്ടർ പി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടപൂട്ടി സീൽ ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.
മദ്യപാനശീലമുള്ള പ്രദീപന്റെ ചെയ്തികളിൽ പൊറുതിമുട്ടി ഒരു വർഷത്തോളമായി രണ്ടു പെൺമക്കളുമായി പൊടോതുരുത്തിയിലെ സ്വന്തം വീട്ടിലായിരുന്നു ബിനീഷ താമസിച്ചുവന്നിരുന്നത്.കാടങ്കോട് കൈതക്കാട് റോഡിൽ സ്വന്തമായി പണിത പുതിയ വീട്ടിൽ ഒരുമിച്ചു താമസിക്കാൻ വിസമ്മതിക്കുന്നതിലുള്ള വൈരാഗ്യമാണ് കടുകൈയ്ക്ക് ഓട്ടോഡ്രൈവറായ പ്രദീപനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഒന്നിച്ചുതാമസിക്കുന്ന ഘട്ടത്തിൽ ഇരുവരും തമ്മിൽ കശപിശ പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്.