electricity

കണ്ണൂർ: മലബാർ മേഖലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു.പുതിയ ലൈനുകൾ സ്ഥാപിച്ചും ശേഷി വർദ്ധിപ്പിച്ചും 2040 വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റുകയെന്നതാണ് ലക്ഷ്യം.പുതിയ 400 കെ.വി പ്രസരണ ലൈനുകൾ, 110 കെ വി സബ് സ്റ്റേഷന്റെ ശേഷി 220 കെ.വിയായി വർദ്ധിപ്പിക്കൽ,110 കെ.വി.ലൈനുകളുടെ ശേഷി 220 കെ.വിയായി വർദ്ധിപ്പിക്കൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.
ഇതുപ്രകാരം തലശ്ശേരി 110 കെ .വി സബ് സ്റ്റേഷൻ 220 കിലോവാട്ടായി ഉയർത്തും. കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് മുതൽ കാസർകോട് ജില്ലയിലെ മയിലാട്ടി വരെ പുതിയ ലൈൻ സ്ഥാപിക്കും.ജില്ലയിലെ വാസയോഗ്യമായ മുഴുവൻ വീടുകളിലും വൈദ്യുതി നൽകി 2017ൽ കണ്ണൂരിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ ജ്യോതി യോജന പ്രകാരം 38.58 കോടിയുടെ പ്രവൃത്തികളാണ് നടത്തിയത്. ഈ പദ്ധതി പ്രകാരം 5034 ബി.പി.എൽ കുടുംബങ്ങൾക്കാണ് സൗജന്യ വൈദ്യുതി ലഭിച്ചത്.


മാറ്റിയത് ഒന്നരലക്ഷം മീറ്ററുകൾ

തകരാറിലായ 152000 മീറ്ററുകൾ മാറ്റി നൽകിയും 55 വിതരണ ട്രാൻസ്‌ഫോമറുകൾ സ്ഥാപിച്ചും ഊർജ്ജസംരക്ഷണത്തിനായി നിർണായക ഇടപെടൽ ഇതിനകം നടന്നിട്ടുണ്ട്. ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിലൂടെ 22.47 കിലോമീറ്റർ 11 കെ. വി ഓവർ ഹെഡ് ലൈനും 42 കിലോമീറ്ററിൽ എൽ.ടി.എ.ബി.സി ലൈനും 82 ട്രാൻസ്‌ഫോമറുകളും സ്ഥാപിച്ചു. ഈ പദ്ധതിക്കായി 38.71 കോടി രൂപയാണ് ചെലവാക്കിയത്. ഇതോടെ ജില്ലയിലെ നഗരപ്രദേശങ്ങളിൽ മികച്ചതും സുരക്ഷിതവുമായ വൈദ്യുത ശ്യംഖല യാഥാർഥ്യമായി. 'സൗഭാഗ്യ' പദ്ധതി പ്രകാരം പ്രളയത്തിൽ കണക്ഷൻ നഷ്ടപ്പെട്ട 86 വീടുകളിൽ സർവീസ് പുനസ്ഥാപിച്ചു.


'ദ്യുതി" വഴി നവീകരണം ഇങ്ങനെ

തടസം മാറ്റാൻ - പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി

വൈദ്യുതി മുടക്കം കുറക്കാൻ - ഏരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനം

ആധൂനികവത്കരണത്തിന് -പട്ടണ പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ

ലൈനിലെ തടസം അപ്പപ്പോൾ അറിയിക്കാൻ -ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ.


പുരപ്പുറങ്ങളിൽ നിന്ന് 21.03 മെഗാവാട്ട്

ഊർജ കേരള മിഷന്റെ ഭാഗമായി ഫിലമെന്റ് ഫ്രീ കേരള പദ്ധതിയിൽ എൽ.ഇ 2ഡി അല്ലാത്ത മുഴുവൻ ബൾബുകളും മാറ്റും. എൽ.ഇ.ഡി ബൾബുകൾക്കായി 858745 പേർ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. സൗര പുരപ്പുറ സോളാർ പദ്ധതിയിൽ 22316 അപേക്ഷകൾ ലഭിച്ചു. ഇതിൽ അനുയോജ്യമായ 3283 പുരപ്പുറങ്ങളിൽ നിന്ന് 21.03 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. നിലാവ് പദ്ധതിയിലൂടെ 32000 ഫിലമെന്റ് ബൾബുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.