കണ്ണൂർ: മായം കലർത്തിയ മത്സ്യത്തിന്റെ വിൽപ്പന തടയാൻ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ഈ മാസം മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും പഴകിയ മത്സ്യം കണ്ടെത്തി.
മായം കലർന്ന മത്സ്യത്തിന്റെ വിൽപ്പന തടയുകയാണ് 'ഓപ്പറേഷൻ മത്സ്യ'യുടെ ലക്ഷ്യം. ഇതിനായി മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വില്പനശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കണ്ണൂർ ടൗൺ, അഴീക്കോട്, കല്ല്യാശ്ശേരി, പയ്യന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, തലശ്ശേരി, ധർമ്മടം, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ എന്നീ 11 സർക്കിൾ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയത്.

ഭക്ഷ്യ സുരക്ഷ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവർ ഉൾപ്പെടുത്തുന്നതാണ് പരിശോധനാ യൂണിറ്റ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഭക്ഷ്യപദാർത്ഥങ്ങളുടെ പരിശോധനയ്ക്ക് മൊബൈൽ ലാബ് സൗകര്യവും ജില്ലയിലുണ്ട്. കൂടുതൽ പരിശോധന ആവശ്യമായാൽ ജില്ലയ്ക്ക് പുറത്തെ ലാബുകളിലേക്ക് സാമ്പിൾ അയയ്ക്കും.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് വിനോദ്കുമാർ പറഞ്ഞു.