തൃക്കരിപ്പൂർ: എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നൽകി വരുന്ന ഏഴാമത് ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്കാരം KL79 2030നമ്പർ പുഴക്കര ബസ് അർഹമായി. തൃക്കരിപ്പൂർ പയ്യന്നൂർ റൂട്ടിൽ 8 വർഷങ്ങളോളം ദിനേന 6 സർവീസ് നടത്തി വരുന്നു. രണ്ട് വർഷം മുമ്പ് നിരത്തിലിറക്കിയ പുതിയ ബസാണ് നിലവിൽ സർവീസ് നടത്തുന്നത്.
വിദ്യാർത്ഥികളോടുള്ള സ്നേഹ സമീപനം, ശുചിത്വം, കൃത്യത, വേഗത തുടങ്ങിയവ കഴിഞ്ഞ മാസങ്ങളിൽ നിരീക്ഷിച്ചും പൊലീസ് പരാതി വിവരങ്ങൾ തേടിയും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞും വോട്ടെടുപ്പും പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. പൊതു വോട്ടെടുപ്പിൽ ഇഷ്ട ബസ്സിനായി 4136 പേരുടെ വോട്ടുകൾ രേഖപ്പെടുത്തി.
ഓഗസ്റ്റ് 1നു ശിഹാബ് തങ്ങൾ ചരമ ദിനത്തിൽ വിശിഷ്ട വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഫലകവും കാഷ് പ്രൈസും, പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്‌കാരം ബസ് ജീവനക്കാർക്ക് കൈമാറും. വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ യു.പി. ഫായിസ്, എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം മർസൂഖ് റഹ്മാൻ, ശാഖാ എം.എസ്.എഫ് പ്രസിഡന്റ് ഫയാസ്, ജനറൽ സെക്രട്ടറി സുഹൈറലി സുബൈർ, ശാഖാ ട്രഷറർ ഷഹീർ, വൈസ് പ്രസിഡന്റ് ഷക്കീർ സംബന്ധിച്ചു.