തലശ്ശേരി: കാൻസർ ചികിത്സാരംഗത്ത് ലോക ശ്രദ്ധയാകർഷിച്ച മലബാർ കാൻസർ സെന്റർ തലശ്ശേരി നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച അമൃതം- 2022 അതിജീവനത്തിന്റെ ആഘോഷമായി. എണ്ണൂറോളം അതിജീവിതരും ബന്ധുക്കളും, ജീവ കാരുണ്യ പ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും ആശുപത്രി ജീവനക്കാരുമുൾപ്പടെ 2500 ഓളംപേരാണ് അമൃതം ഉത്സവമാക്കിയത്.
മിഥ്യാധാരണകളിൽ അകപ്പെടാതെ ശരിയായ സമയത്ത് ആധുനിക ചികിത്സാരീതികളിലുടെ കാൻസർ പൂർണ്ണമായി സുഖപ്പെടുത്താനാവുമെന്ന് പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിജീവിക്കാനാവുന്ന രോഗമാണിത്.നേരത്തെ മനസ്സിലാക്കാനാവുന്ന അവസ്ഥയുണ്ടായാൽ ആശങ്കയുടെ പ്രശ്നമേയില്ല. അതിജീവിതർ പങ്കിടുന്ന അനുഭവങ്ങൾ രോഗാതുരതയിലുള്ളവർക്ക് ആത്മവിശ്വാസം പകരും. വ്യാജ ചികിത്സാ രീതികളിൽ നാം കുടുങ്ങിപ്പോകരുത്.കാൻസർ ഗവേഷണത്തിന്നും, പരിശീലനത്തിനുമൊക്കെ ഇന്ന് എം സി സി .നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ മുഖ്യാതിഥിയായി. അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
'ദേവദൂതർക്കൊപ്പം" നൃത്തം ചവിട്ടി ചാക്കോച്ചൻ
പരിപാടികളിൽ പങ്കെടുക്കാനെത്തിയ വി.ഐ.പികളും പാട്ടുപാടിയും നൃത്തച്ചുവടുകൾ വച്ചും കേക്ക് മുറിച്ചും അതിജീവിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ദേവദൂതർ പാടി, സ്‌നേഹ ദൂതർ പാടി എന്ന ഗാനത്തിന്റെ ശീലുകൾക്കൊപ്പം കഞ്ചാക്കോ ബോബൻ നൃത്തം ചവിട്ടിയപ്പോൾ വേദിയും സദസ്സും ഒരുപോലെ ആനന്ദനടനമാടി. പിന്നണി ഗായിക മഞ്ജരിയുടെ ഗാനമേളയുമുണ്ടായി.ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബനും പ്രശസ്ത ഫുട്ബാളർ സി.കെ.വിനീതും സദസ്സിനെ ഇളക്കിമറിച്ചു. കട്ടികൾക്ക് 'ഹോപ്പി' ന്റെ സമ്മാനങ്ങളും നൽകി. സബ് കളക്ടർ അനുകുമാരി, നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഡോക്ടർമാരുടേയും അതിജീവിതരുടേയും അനുഭവസാക്ഷ്യങ്ങളായ 'സമർപ്പൺ', 'സായൂജ്യ് ' എന്നീ സുവനീറുകൾ അതിജീവിതയും എഴുത്തുകാരിയുമായ സിത്താര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് കൈമാറി പ്രകാശനം ചെയ്തു.സെന്റർ എം.ഡി. ഡോ: സതീശൻ ബാലസുബ്രഹ്മണ്യവും ആവേശമായി മാറി.വി.ഐ.പി.കളടക്കം സംബന്ധിച്ച സമൂഹസദ്യയോടെയാണ് അമൃതോത്സവത്തിന് തിരശ്ശീല വീണത്.
ചിത്രകാരിയുമായ കെ.ഇ.സുലോചനയുടെ നേതൃത്വത്തിൽ അറുപതോളം പേർ ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനവും പരിപാടിയുടെ ആകർഷണമായി.ആശുപത്രി ജീവനക്കാരായ ഷിബു, ശ്രീജിഷ എന്നിവരുടെ നേതൃത്വത്തിലാണ് എക്സിബിഷൻ അരങ്ങേറിയത്.കാൻസർ ബാധിതരായ കുട്ടികൾ വരച്ച ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.