തലശ്ശേരി: ബാങ്കിംഗം രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാൽപ്പന്ത് കളിയിൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ ഫുട്ബാൾ അക്കാഡമി സ്ഥാപിക്കുന്നു.
അഞ്ച്, ആറ് ക്ലാസുകളിലെ പതിമൂന്നു വയസ് തികയാത്ത ആൺകുട്ടികളെ മികച്ച ഫുട്ബാൾ താരങ്ങളായി വാർത്തെടുക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഫുട്ബാൾ താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയുമാണ് മാർഗ്ഗദർശികൾ.കഴിവുകൾ വിലയിരുത്തിയാവും കുട്ടികൾക്ക് പ്രവേശനം. മികച്ച കോച്ചുകൾ പരിശീലനം നൽകും. കൊച്ചു വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കി ഫുട്ബാൾ രംഗത്ത് പ്രൊഫഷണൽ കളിക്കാരാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയനും അക്കാഡമിയെ നയിക്കുന്ന സി.കെ. വിനീതും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 15 നകം 9526611292, 9846122715 നമ്പരുകളിൽ ബന്ധപ്പെടണം. സപ്റ്റംബർ രണ്ടാം വാരത്തോടെ അക്കാഡമിയുടെ പ്രവർത്തനം ആരംഭിക്കും ബാങ്ക് സെക്രട്ടറി പി.എം. ഹേമലത, ഡയറക്ടർമാരായ കെ. സുരേഷ്, കെ.വി. അനീഷ് എന്നിവരും സംബന്ധിച്ചു.