
കണ്ണൂരിലും വിയ്യൂരിലും ഉദ്ഘാടനം രണ്ടുമാസത്തിനകം
കണ്ണൂർ: തടവുകാരിൽ മയക്കുമരുന്ന് ശീലമാക്കിയവർ കൂടിവരുകയും അവർ അക്രമകാരികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇവരുടെ ചികിത്സയ്ക്കായി ജയിലിൽത്തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. സെൻട്രൽ ജയിലുകളായ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലാണ് ആശുപത്രികൾ സജ്ജമാക്കുന്നത്.
രണ്ട് കോടി രൂപ ചെലവിട്ട് ജയിൽ കോമ്പൗണ്ടിലൊരുങ്ങുന്ന ആശുപത്രികൾ കണ്ണൂരും വിയ്യൂരും രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്തേക്കും. നൂറ് പേർക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സ്ഥിര സേവനത്തോടൊപ്പം ടി.വി ഹാൾ, കലാ-കായിക പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവുമുണ്ടാകും.
ലഹരിക്കേസുകളിലെ പ്രതികൾ മാത്രമല്ല, കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജയിലിലെത്തുന്നവരിലും ലഹരിക്കടിപ്പെട്ടവരുണ്ട്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതികൾ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വീണ്ടും ജയിലിലെത്തുന്നത് പതിവായതോടെയാണ് ജയിലിൽ ലഹരിവിമുക്ത കേന്ദ്രങ്ങളായി മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
അടിമകൾ 500
സെൻട്രൽ ജയിലുകളിൽ മാത്രം ലഹരിക്കടിപ്പെട്ടവർ അഞ്ഞൂറോളം പേർ
ഇവരിൽ അധികവും സ്ഥിരം കുറ്റവാളികൾ.
അക്രമാസക്തരാകുന്നവരെയും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെയും നിലവിൽ കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് എത്തിക്കുന്നത്.
ലഹരിയ്ക്കായി അക്രമം
കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂർ സെൻട്രൽ ജയിലിലും കണ്ണൂർ ജില്ലാ ജയിലിലും കഞ്ചാവ് കിട്ടാത്തതിനെ തുടർന്ന് തടവുകാർ ആംബുലൻസ് തകർക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. എൻ.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളിൽ ജയിലുകളിൽ കഴിയുന്നതിൽ ഭൂരിഭാഗം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്.
തടവുകാർക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലവത്താകുന്നുണ്ട്. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കൂട്ടായ ശ്രമങ്ങൾ വേണം-ആർ. സാജൻ, സൂപ്രണ്ട്, കണ്ണൂർ സെൻട്രൽ ജയിൽ