തൃക്കരിപ്പൂർ: ഇടയിലക്കാട് ബണ്ട് റോഡിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. നോ പാർക്കിംഗ് സൂചന ബോർഡുകൾ പിഴുത് പുഴയിലെറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പിൽ നിന്നും വലിയപറമ്പിലെ ഇടയിലക്കാട്ടിലേക്ക് തീരദേശ ജനതയുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായാണ് പുഴക്ക് കുറുകെ ബണ്ട് പണിതത്. എന്നാൽ യാത്രക്കാരേക്കാൾ കൂടുതൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ഈ ബണ്ട് റോഡ് മാറുകയാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
വീതി കുറഞ്ഞ ബണ്ടിന് മുകളിൽ വാഹന പാർക്കിംഗ് അനുവദനീയമല്ല. ഇത് സൂചിപ്പിക്കുന്ന നോ പാർക്കിംഗ് ബോർഡ് ബണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ 6 മണി മുതൽ ബൈക്കുകളിലും കാറുകളിലും യുവാക്കളുടെ പാർക്കിംഗ് സ്ഥിരം കാഴ്ചയാണ്. സന്ധ്യ മയങ്ങിയാൽ ഇത് വർദ്ധിക്കുകയും ചെയ്യും. അനധികൃത പാർക്കിംഗ് ഇതുവഴിയുള്ള വാഹന യാത്രക്കാർക്ക് അലോസരങ്ങൾ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. മാത്രമല്ല സന്ധ്യയോടെ ഇതുവഴി കടന്നുപോകുന്ന നിർമ്മാണ പ്രവൃത്തി ഉൾപ്പെടെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ അനധികൃത പാർക്കിംഗിനെ ചിലർ ചോദ്യം ചെയ്തു. ഇതുകൊണ്ടാണ് ബോർഡ് നശിപ്പിച്ചതെന്ന സംശയം ഉയരുന്നുണ്ട്. നേരത്തെ ഈ ബണ്ടിനു മുകളിൽ വച്ച് ലഹരി വിതരണം നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചത്. അതോടൊപ്പം പൊലീസിന്റെ നിരീക്ഷണവും കർശനമാക്കിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞു.