wedding
വധൂവരന്മാർക്കൊപ്പം വളർത്തു മാതാപിതാക്കളായ നാസ്സിയും പി.എം. സുബൈദയും അമ്മ ജാനുവും സഹോദരങ്ങളും.

തലശ്ശേരി: ജോലിചെയ്തിരുന്ന അന്യമതസ്ഥരായ വീട്ടുകാരെ ഏൽപ്പിച്ച മകളെ സ്വന്തം മക്കൾക്കൊപ്പം വളർത്തി ഒടുവിൽ വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്ത് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയാവുകയാണ് തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹനാസിൽ പി.ഒ. നാസ്സിയും പി.എം. സുബൈദയും.

നേരത്തെ ഇവരുടെ വീട്ടിൽ ജോലി ചെയ്ത വയനാട് ബാവലി സ്വദേശിനിയായ ജനുവിന്റെ മകൾ ബേബി റീഷ്മയ്ക്കാണ് അപൂർവ മാംഗല്യഭാഗ്യമുണ്ടായത്. മുസ്ലിം മതവിശ്വാസിയുടെ വീട്ടിൽ മുറ്റത്ത് പന്തലിട്ട് നിലവിളക്കിനെ സാക്ഷിനിർത്തി ഹിന്ദു ആചാരത്തോടുകൂടിയാണ് റീഷ്മയുടെ കഴുത്തിൽ കരിയാട് സ്വദേശിയായ റിനൂപ് താലി ചാർത്തിയത്. പൗരപ്രമുഖൻ എം.സി. ബാലൻ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. സ്വന്തം മകളുടെ കല്യാണം നടത്തുന്നതിന്റെ അതേ ഉത്തരവാദിത്വത്തോടെ, 25 പവന്റെ സ്വർണ്ണാഭരണങ്ങളടക്കം നൽകിയാണ് ഇവർ റീഷ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. ക്ഷണിതാക്കൾക്കെല്ലാം വിവാഹവിരുന്നും നൽകി.
സാമൂഹ്യസാംസ്കാരിക പ്രവർത്തകരായ പി.സി. നിഷാന്ത്, അഹമ്മദ്, സുധാകരൻ, ആഷിക് അലി, സുനിത തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

റീഷ്മയുടെ അമ്മ ജാനുവും സഹോദരൻ രാജേഷും കൊച്ചു സഹോദരിയും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. നേരത്തെ ജാനു ഈ വീട്ടിൽ ജോലി ചെയ്തിരുന്നു. 13 വർഷം മുമ്പ് മകളെ വീട്ടുകാരെ ഏൽപ്പിച്ച് പോവുകയായിരുന്നു. റീഷ്മയെ സ്‌കൂളിലയച്ച് പഠിപ്പിക്കുകയും സ്വന്തം മക്കൾക്കൊപ്പം റീഷ്മയെയും സ്വന്തം മകളായി വളർത്തുകയുമായിരുന്നു. കുട്ടി മുതിർന്നപ്പോൾ വളർത്തു മാതാപിതാക്കൾ വരനെ അന്വേഷിച്ച് നടന്നപ്പോഴാണ് കരിയാട്ടെ ആലോചന ഒത്തുകിട്ടിയത്.
ഇന്നലെ വൈകീട്ട് വരന്റെ കരിയാട്ടുള്ള വീട്ടിൽ വധുവിന്റെ വീട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം സത്കാരവുമുണ്ടായി.