തൃക്കരിപ്പൂർ: തീരദേശ പരിപാലന നിയമം മൂലം ദുരിതമനുഭവിക്കുന്ന വലിയപറമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും യോഗത്തിലാണ് തീരുമാനം.
ഇതിന് മുന്നോടിയായി എം.പി, എം.എൽ.എമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ബഹുജന സമര പ്രഖ്യാപന കൺവെൻഷൻ ആഗസ്റ്റ് രണ്ടാം വാരം നടത്തും. ദൂരപരിധി നിയമം മൂലം വീട് നിർമ്മിക്കാനാവാത്ത ജനങ്ങളുടെ ആശങ്കകൾ നീക്കുന്നതിന് സി.ആർ.സെഡ് നിയമത്തിൽ ഇളവ് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിൽ 3 ബി കാറ്റഗറിയിലാണ് വലിയപറമ്പ് പഞ്ചായത്ത് ഉൾപ്പെടുന്നത്. കേരളത്തിലെ 175 പഞ്ചായത്തുകളെ കാറ്റഗറി രണ്ടിലേക്ക് മാറ്റണമെന്ന് കേരള സർക്കാർ കരട് നിർദ്ദേശം സമർപ്പിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇത് തള്ളിയിരുന്നു. ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളെ സെൻസസ് ടൗൺഷിപ്പ് പഞ്ചായത്തായി അംഗീകരിക്കണമെന്നാണ് കേരളം നിർദ്ദേശം നൽകിയത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, കെ.പി. ബാലൻ, ഉസ്മാൻ പാണ്ഡ്യാല, എം.ടി. അബ്ദുൾ ജബ്ബാർ, ഒ.കെ. ബാലകൃഷ്ണൻ, മധുസൂദനൻ കാരണത്ത്, എം. ഭാസ്കരൻ, പി.പി. അപ്പു, കെ.പി. അബ്ദുൾ ഷുക്കൂർ ഹാജി, മെമ്പർമാരായ സി. ദേവരാജൻ, എം. ഹസീന, എം. താജുന്നിസ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഖാദർ പാണ്ട്യാല സ്വാഗതം പറഞ്ഞു. ജനകീയ കമ്മിറ്റി ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ (ചെയർമാൻ), എം.ടി. അബ്ദുൾ ജബ്ബാർ (ജന. കൺവീനർ), സി. നാരായണൻ, ഉസ്മാൻ പാണ്ട്യാല, കെ. അശോകൻ (വൈസ് ചെയർമാന്മാർ), ഒ.കെ. ബാലകൃഷ്ണൻ, മധുസൂദനൻ കാരണത്ത്, എം. ഭാസ്കരൻ, കെ. ഭാസ്കരൻ (ജോ. കൺവീനർമാർ), ഖാദർ പാണ്ട്യാല (ട്രഷറർ).