choolabalan
കെ.സി ബാലന്‍ ശ്മാശനത്തിലെ ചൂളവൃത്തിയാക്കുന്നു

കണ്ണൂർ: ശ്മശാനത്തിലെത്തുന്ന ശവശരീരങ്ങളെ ഉപചാരപൂർവ്വം സംസ്കരിക്കുന്ന മുണ്ടൻകുളങ്ങര രാജന് (68) താൻ ചെയ്യുന്ന സേവനങ്ങളെല്ലാം ഒരു സാമൂഹ്യ പ്രവർത്തനമാണ്. മുൻപഞ്ചായത്ത് വാർഡ് അംഗവും പ്രദേശത്തെ സി.പി.എം നേതാവും ബീഡിത്തൊഴിലാളിയുമായിരുന്ന നാട്ടുകാരുടെ രാജേട്ടൻ കടൽതീരത്തുള്ള ശ്മശാനത്തിൽ പൂന്തോട്ടമൊരുക്കാൻ ഒരുങ്ങുകയാണ്.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻബീച്ചിന് തൊട്ടടുത്തുള്ള കടൽതീരത്താണ് ഗ്രാമപഞ്ചായത്ത് ശ്മശാനം. നേരത്തെ തുറന്നസ്ഥലത്തായിരുന്നു സംസ്‌കാരം നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ മനോഹരവും വൃത്തിയും ശാസ്ത്രീയമായും നിർമ്മിച്ച ഒരുകെട്ടിടവും ഇവിടെയുണ്ട്.
എന്നും പുലർച്ചെ പതിവായി അണിയുന്ന വെള്ളവസ്ത്രവുമണിഞ്ഞ് മുഴപ്പിലങ്ങാട് ശ്രീ കൂറുംബക്കാവിനടുത്തു നിന്ന് കുളം ബസാറിലൂടെ പടിഞ്ഞാറോട്ടുള്ള റോഡിലൂടെ രാജൻ കർമ്മരംഗമായ ശ്മശാനത്തിലേക്ക് നടക്കുകയാണ്... 2010 ആഗസ്റ്റ് ഒന്നു മുതൽ.
ആദ്യം തലേദിവസം ദഹിപ്പിച്ചവരുടെ ഭസ്മം കോരി വൃത്തിയാക്കി ചുടലക്കളം വെള്ളമൊഴിച്ച് കഴുകും. പിന്നെ അന്നത്തെ മൃതശരീരവും കാത്തിരിപ്പ്. ചുടലയ്ക്ക് തീ കൊടുത്ത് സംസ്‌കാര ചടങ്ങും കഴിഞ്ഞാൽ മൃതദേഹവുമായി വന്നവർ സ്ഥലം വിടും. പിന്നെ കത്തിയെരിയുന്ന നിശ്ചേതനശരീരവും ഇരമ്പുന്ന കടലാരവവും തണുത്ത കാറ്റും മാത്രം കൂട്ട്.
എടക്കാട്, കടമ്പൂർ, ധർമ്മടം ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി ശരാശരി അഞ്ച് മൃതദേഹങ്ങൾ ഇവിടെ എത്തും. 15 മിനിട്ടിനകം കൂടെ വരുന്നവർക്ക് തിരിച്ചു പോകാനാവും. പ്രതിഫലമില്ലാതെയാണ് ഇദ്ദേഹത്തിന്റെ സേവനം. പലരും തുക വച്ചുനീട്ടാറുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിക്കും. മദ്യക്കുപ്പികളുമായി വന്നവരെ ശകാരിച്ച് തിരിച്ചയച്ച സംഭവവുമുണ്ടായിട്ടുണ്ട്.
ആറു മണിയോടെ മടങ്ങുന്ന രാജൻ തുടർന്ന് തന്റെ ജീവിതത്തിന്റെ ഭാഗമായ പൊതുപ്രവർത്തിനിറങ്ങും. മുഴപ്പിലങ്ങാട് യു.പി. സ്‌കൂളിനടുത്ത് കുണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന രാജന് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. ഭാര്യ: ലത. മക്കൾ: ഷോബി, ഷമിൽ, ഷംന.

രോഗികൾക്ക് കൂട്ടിരുന്ന് തുടക്കം
തന്റെ16ാം വയസ്സിൽ കുളം ബസാറിലെ ദിനേശ് ബീഡി കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് നാട്ടിലെ രോഗികളെയും കൊണ്ട് കോഴിക്കോട്, മംഗളുരു, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ പോകേണ്ടി വന്നത്. ഇത് പതിവായപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

1957 ൽ ഒരേക്കർ സ്ഥലത്ത് ജനങ്ങളുടെ കൂട്ടായ്മയിൽ തുടങ്ങിയ ഈ ശ്മശാനത്തിന്റെ ചുമതല വർഷങ്ങളോളം മുൻ പഞ്ചായത്തംഗമായ കെ.സി. ബാലനായിരുന്നു. 2010 ൽ പഞ്ചായത്തിന്റെ നേതൃത്വത്തിലായതോടെയാണ് രാജന് ചുമതല കൊടുത്തത്. പഞ്ചായത്ത് ജനകീയാസൂത്രണത്തിൽപ്പെടുത്തി കെട്ടിടവും നാലുചൂളകളും പണിയുകയും ചെയ്തു. വൈദ്യുതിയും ജലവിതരണവും പദ്ധതിയുടെ ഭാഗമായി ലഭിച്ചു.

ശ്മശാന ജോലി എന്റെ സാമൂഹ്യ ഉത്തരവാദിത്വത്തിൽ പെട്ടതാണ്

മുണ്ടൻകുളങ്ങര രാജൻ